നടി ഷക്കീലയുമൊത്ത് അഭിനയിച്ച അനുഭവത്തെക്കുറിച്ച് ബിന്ദു വരാപ്പുഴ തുറന്ന് പറയുന്നു. മോശം ഇമേജ് ഭയന്ന് സിനിമ കണ്ടിട്ടില്ലെന്നും താരം വെളിപ്പെടുത്തി.
കൊച്ചി: നാടകങ്ങളിലും സിനിമകളിലും സീരിയലുകളിലുമെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് ബിന്ദു വരാപ്പുഴ. മോഹലാലിന്റെ സ്ഫടികം എന്ന ചിത്രത്തിലെ മുംതാസ് എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമാ രംഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ബിന്ദു വാരാപ്പുഴ പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.
നടി ഷക്കീലയുമൊത്ത് അഭിനയിച്ചതിനെക്കുറിച്ചും ബിന്ദു വരാപ്പുഴ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട് ''കോവളത്ത് എണ്ണതോണി എന്ന എന്തോ പേരുള്ള ഒരു സിനിമ. അതിൽ കുറെ ദിവസം കഴിഞ്ഞപ്പോൾ ആണ് ഷക്കീല അഭിനയിക്കാൻ വരുന്നത്. ഞങ്ങൾ പേടിച്ചു പോയി. ഞങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടേ ഇല്ലായിരുന്നു. ആ ഡയറക്ടർ ഒരുപാട് ഫാമിലി സീരിയൽസ് ഒക്കെ ചെയ്തിട്ടുള്ളയാളാണ്. പണ്ട് ജോസ് പ്രകാശ് അങ്കിളും ഞാനും പൂർണിമയും ഒക്കെ അഭിനയിച്ച ഒരു സീരിയൽ ഒക്കെ ചെയ്തിട്ടുണ്ട് അയാൾ.
അയാളുടെ പേര് ഒന്നും വെച്ചിട്ട് ആയിരിക്കില്ല ഈ പടം ഇറങ്ങുന്നത്. അയാൾക്ക് അങ്ങനെ സ്വന്തം പേര് വെച്ചിട്ട് ഇറക്കാൻ പറ്റത്തില്ല. അതിൽ എനിക്ക് ഒരു ഡോക്ടറിന്റെ വേഷം ആയിരുന്നു. ഞാനൊക്കെ അതിൽ പെട്ടുപോയതാണ്. അല്ലാതെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഷക്കീലയെ കണ്ടപ്പോൾ തന്നെ ഞങ്ങൾ ഞെട്ടി. ഞാൻ നായികയെ പരിശോധിക്കുന്ന സീൻ ഒക്കെ അതിൽ ഉണ്ട്. അന്നൊക്കെ ഷക്കീലയുടെ ഒരു പടത്തിൽ നമ്മൾ അഭിനയിക്കുക എന്ന് പറയുമ്പോൾ എന്തോ മോശം ഇമേജ് ആയിരുന്നു. അന്ന് നമ്മുടെ കരിയറിനെ തന്നെ അത് ബാധിക്കുമായിരുന്നു. ആ പടത്തിൽ മോശം ആയിട്ട് എന്തെങ്കിലും ഉണ്ടോ എന്ന് ഒന്നും എനിക്ക് അറിയില്ല. ഞാൻ ആ പടം കണ്ടിട്ടില്ല. അവർ അങ്ങനെ കുറേ ഗ്ലാമർ പടങ്ങൾ ചെയ്തിട്ടുണ്ട് എന്നേ ഉള്ളൂ'', ബിന്ദു വരാപ്പുഴ പറഞ്ഞു.


