സാഗറിനെക്കുറിച്ച് നടൻ സിദ്ധാര്‍ത്ഥ് പ്രഭു.
തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് സിദ്ധാർത്ഥ് പ്രഭു. പരമ്പരയിൽ മഞ്ജു പിള്ളയുടെ മകൻ കണ്ണന്റെ വേഷമാണ് താരം ചെയ്‍തിരുന്നത്. പിന്നീട് ചില സിനിമകളിലും വേഷമിട്ടു. സിദ്ധാർത്ഥിന്റെ അളിയന്റെ റോൾ ചെയ്യാനാണ് നടൻ സാഗർ സൂര്യ തട്ടീം മുട്ടീം പരമ്പരയിലേക്ക് എത്തുന്നത്. ഇതിനോടകം സിനിമകളിലും സീരിയലുകളിലും സാഗർ സൂര്യയും തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു.
ഇപ്പോഴിതാ സാഗറുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സിദ്ധാർത്ഥ്. സിനിമയിൽ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന ആഗ്രഹം സാഗറിന് അന്നു മുതലേ ഉണ്ടായിരുന്നുവെന്ന് സിദ്ധാർത്ഥ് പറയുന്നു. അണിയറപ്രവർത്തകരോട് അങ്ങോട്ട് ഓഡിഷൻ ചോദിച്ചാണ് താൻ തട്ടീം മുട്ടിയുടെ ഭാഗമായതെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
''സാഗറുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. കുറച്ച് ദിവസം മുമ്പ് കോഴിക്കോട് ഫൈസൽ ഇക്കയുടെ ഹൗസ് വാമിങ്ങ് ഇവന്റിന് പോയപ്പോൾ പോയപ്പോൾ ഒരുമിച്ചുണ്ടായിരുന്നു. സാഗർ എന്റെ ബഡ്ഡി തന്നെയാണ്. 2019- 2020 കാലഘട്ടത്തിലാണ് സാഗർ തട്ടീം മുട്ടീം സീരിയലിൽ ജോയിൻ ചെയ്യുന്നത്. അന്നേ അവൻ ലൊക്കേഷനിൽ വരുമ്പോൾ പറയും സമയമില്ല, രക്ഷപ്പെടണം രക്ഷപ്പെടണമെന്ന്. അന്നേ ആ ഒരു ത്വരയും ഫയറും അവനിൽ ഞാൻ കണ്ടതാണ്. അന്ന് അവന് 26 വയസായിരുന്നു.
ഇന്ന് എനിക്ക് 26 വയസാണ്. ഇപ്പോൾ എനിക്കും അവൻ അന്ന് പറഞ്ഞതുപോലെ രക്ഷപ്പെടണം രക്ഷപ്പെടണം എന്ന ത്വരയാണ്. അവൻ അന്ന് ഉദ്ദേശിച്ചത് ഇന്ന് എനിക്ക് മനസിലാകുന്നു. അവനും ഞാനും നമ്മിൽ നാലോ അഞ്ചോ വയസ് വ്യത്യാസമുണ്ടാകും. ഇരുപത്തിയാറ് വയസ് കഴിഞ്ഞാൽ പിന്നെ മൊത്തം പ്രശ്‍നമാണ്'', സിദ്ധാർത്ഥ് അഭിമുഖത്തിൽ പറഞ്ഞു.


