‘വയലിൻ വായിച്ചു തുടങ്ങിയത് എന്റെ ഡിപ്രഷൻ സ്റ്റേജിൽ ആണ്.’

പല മേഖലകളില്‍ പ്രതിഭ തെളിയിച്ച ആളാണ് ലക്ഷ്‍മി ജയന്‍. ഗായിക, വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെയൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട് ലക്ഷ്‍മി. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്‍റെ മൂന്നാം സീസണില്‍ മത്സരാര്‍ഥിയായും ലക്ഷ്‍മി എത്തിയിരുന്നു. ലക്ഷ്‍മിയുടെ വ്യക്തി ജീവിതം കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ഈ ഷോയ്ക്ക് ശേഷം ആയിരുന്നു. ഇപ്പോളിതാ വിവാഹമോചനത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലക്ഷ്‍മി. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

''ഞാൻ വിവാഹമോചിതയാണ്. ഡിവോഴ്സ് ആവും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആ സ്റ്റേജ് കടന്നുപോകാൻ ഭയങ്കര പാടാണ്. തിരിഞ്ഞുനോക്കുമ്പോൾ സംഭവിച്ചത് എല്ലാം നല്ലതാണ് എന്ന് പറയുമെങ്കിലും ആ ഘട്ടം കടന്നു വരുന്നത് നല്ല ബുദ്ധിമുട്ടാണ്. ഇനി അങ്ങോട്ട് ഒറ്റയ്ക്കാണ്, എന്നെ ഇനി നോക്കാൻ ആരുണ്ട്, കുഞ്ഞിന്റെ കാര്യം അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉള്ളിൽ വരും. നമ്മൾ വളർന്നുവന്നത് അങ്ങനെയാണ്.

ആദ്യം ഞാൻ ചിരിച്ചുകൊണ്ട് ഇതെല്ലാം നേരിട്ടെങ്കിലും, കുറേ ദിവസം കഴിഞ്ഞപ്പോഴാണ് ചിന്തിക്കുന്നത് എന്റെ ഭർത്താവിന് എന്നെ ശരിക്കും വേണ്ടേ, അയാൾ എന്നെ ഉപേക്ഷിക്കാൻ പോവുകയാണോ എന്നൊക്കെ. ഞാൻ വളരെ സെൻസിറ്റീവ് ആണ്. അന്ന് ഞാൻ തളർന്നു പോയി.

വയലിൻ വായിച്ചു തുടങ്ങിയത് എന്റെ ഡിപ്രഷൻ സ്റ്റേജിൽ ആണ്. എന്റെ എനർജി റീലിസിങ്ങ് സോഴ്സ് ആണ് അത്. എനിക്ക് ഭർത്താവില്ലാത്ത ജീവിക്കാൻ പറ്റില്ല എന്ന് പല സുഹൃത്തുക്കളോടും പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഒരു പാട്ടുകാരിക്ക് ആദ്യത്തെ ഭർത്താവ് സംഗീതം ആയിരിക്കണം എന്ന് എന്റെ ഒരു സാറാണ് പറഞ്ഞത്. മരണത്തിൽ നിന്ന് എന്നെ തിരിച്ചുകൊണ്ടുവന്നത് പാട്ടാണ്'', ലക്ഷ്‍മി ജയൻ അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക