നടി ശ്രുതി തമ്പി, അടുത്തിടെ ഉയർന്ന മനുഷ്യക്കടത്ത് വിവാദത്തിൽ തൻ്റെ പേര് ഉൾപ്പെട്ടതിനെക്കുറിച്ച് പ്രതികരണവുമായി രംഗത്ത്.
നടി, നർത്തകി, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ തുടങ്ങി നിരവധി മേഖലകളിലൂടെ പ്രശസ്തയായ വ്യക്തിയാണ് ശ്രുതി തമ്പി. അടുത്തിടെ ഉണ്ടായ ഒരു വിവാദവുമായി ബന്ധപ്പെട്ട് ശ്രുതിയുടെ പേരും ഉയർന്നിരുന്നു. മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ഈ സംഘത്തിലെ രണ്ടു യുവതികൾ പൊലീസ് പിടിയിലായിരുന്നു. ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാമെന്ന് വാഗ്ദാനം നൽകി യുവതികളെ വിദേശത്ത് എത്തിച്ച് ദുരുപയോഗം ചെയ്തു എന്നതാണ് കേസ്. ഈ ഫാഷൻ ഷോയുടെ പ്രമോഷൻ ചെയ്തവരിൽ ശ്രുതിയും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി.

''കുറച്ച് നാളുകൾക്ക് മുമ്പ് ദുബൈയിൽ ഒരു ഫാഷൻ ഷോ നടക്കുകയും അതിന്റെ പ്രമോഷന്റെ ഭാഗമായി ഞാൻ ഒരു വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. ഷോ ഡയറക്ടറായ വിജീഷ് വയലാറാണ് പ്രമോഷൻ ചെയ്യാമോയെന്ന് ആവശ്യപ്പെട്ട് എന്ന വിളിച്ചത്. അതുപ്രകാരം ഞാൻ ഒരു വീഡിയോ എടുത്ത് അയച്ചുകൊടുക്കുകയും അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കുകയും ചെയ്തു. യുഎഇയിലെ ലൈസൻസ്ഡ് വ്ലോഗറാണ് ഞാൻ. അതിനാലാണ് പെയ്മെന്റ് വാങ്ങി വ്ലോഗ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിവാദവും വാർത്തകളും വന്നശേഷം ശ്രുതിയെ പോലീസ് പൊക്കിയില്ലേ?, ജയിലിലായോ?, എപ്പോഴാണ് ജയിലിൽ പോയി ഗോതമ്പുണ്ട തിന്നാൻ പോകുന്നത്?, അടുത്ത് തന്നെ പിടിവീഴുമല്ലോ എന്നിങ്ങനെ ഒരുപാട് കമന്റ്സ് എനിക്ക് വരുന്നുണ്ട്.
തെളിവുകൾ കയ്യിൽ ഇല്ലെങ്കിൽ ദയവ് ചെയ്ത് ആരെ കുറിച്ചും അപവാദങ്ങൾ പ്രചരിപ്പിക്കരുത്. എനിക്കും ജീവിതമുണ്ട്. എന്നെ ചുറ്റിപറ്റി ഒരുപാട് പേർ ജീവിക്കുന്നുണ്ട്. അവരെല്ലാം തെറ്റിദ്ധരിക്കപ്പെടുകയാണ്. അയാളുമായി പ്രമോഷൻ ചെയ്ത ബന്ധമല്ലാതെ മറ്റൊരു ബന്ധവും എനിക്കില്ല. ആ പ്രോഗ്രാം കാണാൻ പോവുകയോ മോഡൽസിനെ അറേഞ്ച് ചെയ്ത് കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല'', ശ്രുതി വീഡിയോയിൽ പറഞ്ഞു.

