'കോൺസ്റ്റബിൾ മഞ്ജു' എന്ന പരമ്പരയിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം പിന്മാറിയതാണെന്നും മാസങ്ങളായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും സ്വാതി നിത്യാനന്ദ്
മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്‍റെ ടാലന്‍റ് ഷോയിലൂടെയാണ് സ്വാതി അഭിനയരംഗത്തേക്ക് എത്തുന്നത്. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. 'ചെമ്പട്ട്' എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച സ്വാതി തുടർന്ന് 'ഭ്രമണം', 'നാമം ജപിക്കുന്ന വീട്' തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താൻ അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിൽ നിന്നും പിൻമാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാതി. സ്വന്തം ഇഷ്ടപ്രകാരമാണ് സീരിയലില്‍ നിന്ന് പിന്മാറിയതെന്നും മാസങ്ങളായി ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും സ്വാതി വ്യക്തമാക്കി. പിൻമാറാനുണ്ടായ കാരണം പിന്നീടൊരു സാഹചര്യം ഉണ്ടായാൽ വെളിപ്പെടുത്തുമെന്നും താരം കൂട്ടിച്ചേർത്തു.
''കുറച്ചു ദിവസമായി ഞാന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് എന്തിനാണ് കോണ്‍സ്റ്റബിള്‍ മഞ്ജുവില്‍ നിന്നും മാറിയത്, മാറ്റിയത് ആണോ എന്നൊക്കെ. ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരം കോണ്‍സ്റ്റബിള്‍ മഞ്ജുവില്‍ നിന്നും പിൻമാറിയതാണ്. അതിന്റെ കാരണം എന്താണെന്നു ചോദിച്ചാല്‍ അതെനിക്ക് നിങ്ങളോട് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഒരുപാട് കാരണങ്ങൾ ഉണ്ട്. പെട്ടെന്ന് എടുത്ത തീരുമാനമൊന്നുമല്ല. കുറേ മാസങ്ങളായിട്ട് ആലോചിക്കുന്നതാണ്.
സാഹചര്യം വരുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമായിട്ട് പറയുന്നതായിരിക്കും. ഒരുപാട് സന്തോഷമുണ്ട്. കോണ്‍സ്റ്റബിള്‍ മഞ്ജു ചെയ്യാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. ഈ ഒന്നര വര്‍ഷവും ഞാന്‍ വിചാരിച്ചില്ല, ഇത്രത്തോളം ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന്. ഞാന്‍ അതിൽ നിന്നും ഇറങ്ങിയ ശേഷമാണ് ഇതെല്ലാം മനസിലാക്കുന്നത്. വൈകിപ്പോയോ എന്നു ചോദിച്ചാല്‍ വൈകിപ്പോയി.. നിങ്ങളുടെ സ്നേഹം മനസിലാക്കാന്‍. മറ്റെല്ലാം കൊണ്ടും മാനസികമായും ശാരീരികമായും ഞാന്‍ വളരെയധികം സന്തോഷവതിയാണ്. ഒരുപക്ഷേ ഞാന്‍ അതുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമായിരുന്നു. എന്നെ സ്നേഹിച്ചതിനും സപ്പോര്‍ട്ട് ചെയ്തതിനും നന്ദി'', ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ സ്വാതി പറഞ്ഞു.



