അടുത്ത സുഹൃത്തുക്കളായ നടിമാരായ മഞ്ജു പിള്ളയും വീണ നായരും തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് സംസാരിച്ചു. തിരക്കുകൾ കാരണം കാണാൻ കഴിയാത്തതിനെക്കുറിച്ച് മഞ്ജു വിശദീകരിച്ചു.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളാണ് മഞ്ജു പിള്ളയും വീണ നായരും. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. തട്ടീം മുട്ടീം എന്ന പരമ്പരയിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. പരമ്പരയിൽ മഞ്ജു അവതരിപ്പിച്ച മോഹനവല്ലിയുടെ നാത്തൂൻ കഥാപാത്രമായ കോകിലയെ അവതരിപ്പിച്ചത് വീണ ആയിരുന്നു. തനിക്ക് സ്പെഷ്യലായ ഒരാളാണ് മഞ്ജു പിള്ളയെന്ന് വീണാ നായർ പല തവണ പറഞ്ഞിട്ടുമുണ്ട്. ഇപ്പോളിതാ വീണാ നായരുടെ യൂട്യൂബ് ചാനലിൽ തങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഇരുവരും.
വീണാ നായർ അയച്ച ഒരു മെസേജിനെക്കുറിച്ചാണ് മഞ്ജു പിള്ള സംസാരിച്ചു തുടങ്ങിയത്. ഞാനെന്ത് തെറ്റ് ചെയ്തു ചേച്ചീ, ചേച്ചി എന്നോട് എന്താ മിണ്ടാത്തത്, എന്താണ് എന്നെ കാണാൻ വരാത്തത് എന്ന് ചോദിച്ചായിരുന്നു മെസേജെന്ന് മഞ്ജു പിള്ള പറയുന്നു. തിരക്കിനിടയിൽ ഒരു മണിക്കൂർ കാണാനായിരിക്കും വരുന്നത്, പക്ഷേ കണ്ടാൽ വീണ വിടില്ലെന്നും മഞ്ജു പിള്ള പറയുന്നു. തിരക്ക് കാരണം സ്വന്തം അമ്മ പോലും മക്കളേ, ഒരു ഫോട്ടോ അയച്ച് തരുമോ ഒന്ന് കാണാൻ എന്ന് ചോദിച്ച് തുടങ്ങി. അത്രയും സമയമില്ലാതായെന്നും അതുകൊണ്ടാണ് കാണാൻ വരാത്തതെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
എന്തെങ്കിലും നെഗറ്റീവ് ഫീൽ ചെയ്താൽ അറിയാൻ പറ്റും
അതേസമയം, തിരക്കിനിടെയും സൗഹൃദങ്ങൾ ചേർത്ത് പിടിക്കുന്നതിനെക്കുറിച്ചും മഞ്ജു പിള്ള അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ''എന്റെ ജീവിതത്തിലേക്കു വരുന്ന ആരെയും ഞാൻ വിട്ട് കളയാറില്ല. എന്തെങ്കിലും നെഗറ്റീവ് ഫീൽ ചെയ്താൽ അറിയാൻ പറ്റും. പക്ഷേ, നെഗറ്റീവുമായി അങ്ങനെ ആരും വന്നിട്ടില്ല. എന്റെ ലെെഫിലേക്ക് വന്നവരെ ഞാൻ പരമാവധി ചേർത്ത് പിടിക്കാനേ നോക്കിയിട്ടുള്ളൂ'', മഞ്ജു പിള്ള പറഞ്ഞു.



