ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപി അനുഭാവം വെളിപ്പെടുത്തിയതിന് പിന്നാലെ, മിസ് യൂണിവേഴ്സ് ട്രിവാൻഡ്രം കല്യാണി പങ്കുവച്ച കമന്‍റ് വൈറല്‍. താൻ ബിജെപിയിൽ ചേർന്നപ്പോൾ കടുത്ത സൈബർ ആക്രമണം നേരിട്ടെന്നും കല്യാണി.
ഏതാനും നാളുകൾക്ക് മുൻപ് താൻ ബിജെപി അനുഭാവിയാണെന്ന് പറഞ്ഞ് മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. വരും കാലത്ത് കേരളം ബിജെപി ഭരിക്കുമെന്നും റോബിൻ പറഞ്ഞു. ഇത് വലിയ തോതിൽ വൈറലാകുകയും ചെയ്തു. റോബിന്റെ വീഡിയോയ്ക്ക് താഴെ വന്നൊരു കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മിസ് യൂണിവേഴ്സ് ട്രിവൻഡ്രമായ കല്യാണി അജിത്തിന്റേതാണ് കമന്റ്. കഴിഞ്ഞ ഡിസംബറിൽ കല്യാണി ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് താൻ നേരിട്ടത് വലിയ സൈബർ ആക്രമണമായിരുന്നുവെന്നാണ് കല്യാണി കുറിച്ചിരിക്കുന്നത്.
"ഞാൻ പാർട്ടിയിൽ(ബിജെപി) ചേരുമ്പോൾ ഏറ്റവും മോശമായ രീതിയിലുള്ള സൈബർ ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. പക്ഷേ പാർട്ടി തിരഞ്ഞെടുക്കുന്നതിൽ നിന്ന് എന്നെ ഒന്നിനും തടയാൻ സാധിച്ചില്ല. നമ്മുടെ രാഷ്ട്രത്തെ ആഗോളതലത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് വികസിപ്പിക്കുന്നതിനും പരിണമിപ്പിക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ കാഴ്ചപ്പാടാണ് ഈ തീരുമാനം. ലോകം കണ്ട ഏറ്റവും ശക്തനായ നേതാവ് ശ്രീ നരേന്ദ്ര മോദി നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയിൽ ഭാഗമായ അഭിമാനിയായ ഒരു ഇന്ത്യക്കാരിയും, അഭിമാനിക്കുന്ന ദേശീയവാദിയുമാണ് ഞാൻ. ജയ് ഹിന്ദ്. ജയ് ബി.ജെ.പി", എന്നായിരുന്നു കല്യാണിയുടെ കമന്റ്. ഇതിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ഇതിനിടെ നടൻ ഉണ്ണി മുകുന്ദൻ, കല്യാണിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരിക്കുകയാണ്. കല്യാണി തന്നെയാണ് ഈ സന്തോഷം പങ്കുവച്ചിരിക്കുന്നതും. 2025 ഡിസംബർ 15ന് ആയിരുന്നു കല്യാണി ബിജെപിയിൽ ചേർന്നത്. മികച്ചൊരു തീരുമാനം എന്നായിരുന്നു കല്യാണി അന്ന് കുറിച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയാണ് കല്യാണി.



