ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, രസതന്ത്രം തുടങ്ങീ എക്കാലത്തെയും മികച്ച സിനിമകളാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോയിൽ പുറത്തിറങ്ങിയിട്ടുള്ളത്
മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഹൃദയപൂർവ്വം' പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പത്ത് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. 2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു ഇതിന് മുൻപ് ഇറങ്ങിയ ചിത്രം. ഇപ്പോഴിതാ ഹൃദയപൂർവ്വത്തിന്റെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് മോഹൻലാൽ.
"പ്രിയപ്പെട്ട പ്രേക്ഷകർ ഹൃദയം കൊണ്ട് ഹൃദയപൂർവ്വത്തെ സ്വീകരിച്ചു എന്നറിയുന്നതിൽ ഒരുപാടു സന്തോഷം. ഞാനിപ്പോൾ യു.എസിലാണുള്ളത്. ഇവിടെയും നല്ല റിപ്പോർട്ടുകളാണ് സിനിമയെക്കുറിച്ച് ലഭിക്കുന്നത്. ഒരുപാടു സന്തോഷം, ഇങ്ങനെ ഒരു സിനിമയെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചതിൽ, ഇതൊരു വിജയ ചിത്രമായി മാറ്റിയ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു, എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ‘ഹൃദയപൂർവം’ ഓണാശംസകൾ." ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ മോഹൻലാൽ പറഞ്ഞു. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.
ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ എക്കാലത്തെയും മികച്ച സിനിമകളാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോയിൽ പുറത്തിറങ്ങിയിട്ടുള്ളത്, ഈ ലിസ്റ്റിലേക്കാണ് ഇപ്പോൾ ഹൃദയപൂർവ്വവും എത്തിയിരിക്കുന്നത്. മാളവിക മോഹനൻ നായികയായെത്തിയ ചിത്രത്തിൽ സംഗീത് പ്രതാപ്, ലാലു അലക്സ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അതേസമയം അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്.


