ചാള്‍ഡ് ബ്രോണ്‍സണേക്കാള്‍ തനിക്കിഷ്ടം ക്ലിന്‍റ് ഈസ്റ്റ്‍വുഡിനെയെന്ന് അരിസ്റ്റോ സുരേഷ്

പതിനാറ് എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ് മോഹന്‍ലാല്‍ അവതാരകനാവുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന്. ശ്വേത മേനോന്‍, പേളി മാണി, സാബുമോന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങി ജനപ്രിയ മുഖങ്ങള്‍ മത്സരാര്‍ഥികളില്‍ പലതുണ്ടെങ്കിലും അവര്‍ക്കൊന്നുമില്ലാത്ത ആരാധക പിന്തുണയുള്ള ഒരാള്‍ ബിഗ് ബോസ് ഹൗസിലുണ്ട്. അത് അരിസ്റ്റോ സുരേഷ്. ജീവിതശൈലിയുമായി ചേരുന്നില്ലെന്നും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുപോകണമെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും ഷോയുടെ നിറസാന്നിധ്യങ്ങളിലൊന്നാണ് അദ്ദേഹം. ഞായറാഴ്ച എപ്പിസോഡില്‍ ഒരു പ്രശസ്ത ഹോളിവുഡ് നടനുമായി അരിസ്റ്റോ സുരേഷിനുള്ള മുഖസാദൃശ്യം മോഹന്‍ലാല്‍ കണ്ടെത്തി. 

ഒരുകാലത്ത് ഹോളിവുഡില്‍ നിന്നുള്ള വെസ്റ്റേണ്‍ സിനിമകളുടെ മുഖമായിരുന്ന ചാള്‍ഡ് ബ്രോണ്‍സണിന്‍റെ ഛായ അരിസ്റ്റോ സുരേഷിനുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ കണ്ടെത്തിയത്. നടന്മാരുടെ പേര് ചേര്‍ത്ത് സുരേഷ് വരികളെഴുതി ട്യൂണ്‍ ചെയ്ത ഗാനം പേളി മാണിയും സുരേഷും ചേര്‍ന്ന് പാടിക്കഴിഞ്ഞപ്പോഴായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം.

ചാള്‍സ് ബ്രോണ്‍സണ്‍

ചാള്‍സ് ബ്രോണ്‍സണിന്‍റെ ഛായ തനിക്കുണ്ടെന്ന് ചെറുപ്പത്തില്‍ തോന്നിയിരുന്നുവെന്നും വലിതാവുമ്പോള്‍ അതേ മുഖച്ഛായ വരുമെന്ന് ചിന്തിച്ചിരുന്നുവെന്നും സുരേഷ് മോഹന്‍ലാലിനോട് പറഞ്ഞു. ഹോളിവുഡിന്‍റെ സ്ക്രീനില്‍ അഞ്ച് പതിറ്റാണ്ടോളം നിറസാന്നിധ്യമായിരുന്ന ബ്രോണ്‍സണ്‍ 2003ലാണ് ശ്വാസകോശ കാന്‍സര്‍ ബാധിച്ച് മരിച്ചത്. വെസ്റ്റേണ്‍ പ്രതികാര സിനിമകളില്‍ പൊലീസ് ഓഫീസറായും ഗണ്‍ ഫൈറ്ററായുമൊക്കെ അദ്ദേഹം നിറഞ്ഞുനിന്നു.