സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ബ്ലോഗ് പലതരത്തില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. ലാലേട്ടന്റെ എഴുത്തുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തുവരാറുണ്ട്. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗാണ് ഏറ്റവും ഒടുവില്‍ ഏറെ ചര്‍ച്ചയായത്. അതിനുശേഷം, മോഹന്‍ലാലിന്റെ ബ്ലോഗ് കാത്തിരിക്കുകയായിരുന്നു ആരാധകരും വിമര്‍ശകരും. എന്നാല്‍ ഏവരെയും നിരാശപ്പെടുത്തുന്ന വിവരമാണ് ഇത്തവണ ഇരുപത്തിയൊന്നാം തീയതി ബ്ലോഗില്‍ മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. എല്ലാ മാസവും ഇരുപത്തിയൊന്നാം തീയതിയാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതാറുള്ളത്. താന്‍ ചില യാത്രകളുമായി തിരക്കിലായതിനാല്‍ ഇത്തവണ ബ്ലോഗ് എഴുതുന്നില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. എന്നാല്‍ അടുത്തമാസം തന്റെ ബ്ലോഗ് തുടരുമെന്നും മോഹന്‍ലാല്‍, ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ചെറിയ കുറിപ്പില്‍ പറയുന്നുണ്ട്.

ബിവറേജസിലും തിയറ്ററുകളിലും ആരാധനാലയങ്ങളിലും വരിനില്‍ക്കുന്നവര്‍ക്ക് നല്ല കാര്യത്തിന് വേണ്ടി അല്‍പമെങ്കിലും വരി നിന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു ബ്ലോഗ് കുറിപ്പിലൂടെ മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ ഉയര്‍ന്നുവന്നത്. മോഹന്‍ലാലിനെ അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തുവന്നിരുന്നു. ഇതിന് മുമ്പ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയപ്പോള്‍, 'ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്'? എന്ന പേരില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗും ഏറെ വിവാദമായിരുന്നു.