'ഇവരെല്ലാം ഇവിടെയുള്ളപ്പോള്‍ ഇവരുടെ മുന്നിലാവട്ടെ നിങ്ങള്‍ ഫണ്ട് തരുന്നത്' എന്നായിരുന്നു മോഹന്‍ലാലിനോടുള്ളമുഖ്യമന്ത്രിയുടെ പ്രതികരണം. ആയിക്കോട്ടെ എന്ന് മോഹന്‍ലാലും മറുപടി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കാനായി മുഖ്യമന്ത്രി പിണറായിയും
മന്ത്രിമാരും വാര്‍ത്താ സമ്മേളനത്തിനെത്തിയതായിരുന്നു. പ്രളയം തകര്‍ത്ത സ്വപ്നങ്ങളെയും ജീവിതങ്ങളെയും
കൈപിടിച്ചുയര്‍ത്തുവാനുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും മറ്റും മുഖ്യമന്ത്രി തന്നെ വിശദമായി സംസാരിക്കുകയായിരുന്നു.

വാക്കുകള്‍ക്ക് ഇടയില്‍ ഇടവേള എടുക്കാറുള്ള പിണറായി ഇടയ്ക്ക് 'എല്ലാവര്‍ക്കും ഇഷ്ടമുള്ളൊരാള്‍ ഇപ്പോള്‍ വരും' എന്ന്
പറഞ്ഞപ്പോള്‍ അരാകും അതെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നു. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക്
വെളുത്ത നിറത്തിലുള്ള ടൊയോട്ട ലാന്‍ക്രൂസര്‍ പതിയെ വന്നു നിന്നത്.

മലയാള സിനിമയുടെ താരരാജാവാകും അതിനകത്തുള്ളതെന്ന് അപ്പോഴും അധികമാര്‍ക്കും അറിയില്ലായിരുന്നു. പതിയെ നടന്ന്
മുകളിലെത്തിയ ലാല്‍ വാര്‍ത്താസമ്മേളനം നടക്കുന്ന ഹാളിലേക്ക് കടന്നുവന്നതും നാടകീയമായി തന്നെ. ദുരിതാശ്വാസത്തെക്കുറിച്ച്
പറഞ്ഞുകൊണ്ടിരുന്ന പിണറായി ഒന്ന് നിര്‍ത്തി അദ്ദേഹത്തെ സ്വീകരിച്ചു.

'ഇവരെല്ലാം ഇവിടെയുള്ളപ്പോള്‍ ഇവരുടെ മുന്നിലാവട്ടെ നിങ്ങള്‍ ഫണ്ട് തരുന്നത്' എന്നായിരുന്നു മോഹന്‍ലാലിനോടുള്ള
മുഖ്യമന്ത്രിയുടെ പ്രതികരണം. ആയിക്കോട്ടെ എന്ന് മോഹന്‍ലാലും മറുപടി പറഞ്ഞു.

വ്യക്തിയെന്ന നിലയിലുള്ള സഹായമാണ് നല്‍കിയതെന്നും സംഘടന എന്ന നിലയിലുള്ള 'അമ്മ'യുടെ കൂടുതല്‍ സഹായം പിന്നീട്
നല്‍കുമെന്നും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് കൈമാറിയത്.

"