ഹൈദരബാദ്: സൂപ്പര്‍ താരം മോഹന്‍ലാലിന് തെലുങ്കില്‍ ഡബ്ബ് ചെയ്യാന്‍ അറിയില്ലെന്ന വാര്‍ത്തകള്‍ തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. തന്‍റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ മനമന്തയുടെ ഡബ്ബിംഗിനിടെ അദ്ദേഹം എടുത്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒഴുക്കോടെയുള്ള മോഹന്‍ലാലിന്‍റെ തെലുങ്ക് സംസാരം ടോളിവുഡിനെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 

കാല്‍ നൂറ്റാണ്ടിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ മനമന്ത വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. വിസ്മയമെന്ന പേരില്‍ മലയാളത്തിലും മൊഴിമാറ്റിയെത്തും. തെലുങ്കിലെ അനുഭവം വ്യത്യസ്തമായിരുന്നെന്ന് മോഹന്‍‌ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന് പുറമെ ഗൗതമി, ഉര്‍വശി, പി ബാലചന്ദ്രന്‍, വിശ്വാന്ത് ,കുമാരി റെയ്ന റാവു, അനീഷ ആംബ്രോസ് തുടങ്ങിയ താരനിര സിനിമയിലുണ്ട്. നാല് കഥകളിലൂടെ സഞ്ചരിച്ച് ഒരു കഥയിലെത്തിച്ചേരുന്ന ശക്തമായ തിരക്കഥയാണ് സിനിമയുടേത്.

പ്രമുഖ തെലുങ്ക് സംവിധായകന്‍ ചന്ദ്രശേഖര്‍ യെലേറ്റിയാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മനമന്തയുടെ മലയാളത്തിന് വിസ്മയം എന്ന പേര് നല്‍കിയത് മോഹന്‍ലാല്‍ തന്നെയാണ്.