ബാഹുബലി രണ്ടാം ഭാഗത്തിലെ പാട്ടുകളില്‍ ശ്രദ്ധേയമായിരുന്നു കൃഷ്ണനെ കുറിച്ചുള്ള ദേവസേനയുടെ ഗാനം. ഏറെ ജനപ്രീതി നേടിയ പാട്ടിന്റെ ലിറികല്‍ വീഡിയോക്കും ഓഡിയോ ജ്യൂക് ബോക്‌സിനും ശേഷം വീഡിയോ ഗാനം പുറത്തിറങ്ങുമ്പോഴും വന്‍ പ്രേക്ഷക ശ്രദ്ധയാണു നേടുന്നത്. ഒറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വിവിധ ഭാഷകളിലായി വീഡിയോ ഗാനം യു ട്യൂബ് വഴി കണ്ടത്.

യുവരാജകുമാരിയായ ദേവസേന തന്റെ സ്വന്തം കൊട്ടാരത്തില്‍ കൃഷ്ണനെ സ്തുതിച്ചു പാടുന്നതാണ് ഗാനത്തിന്‍റെ പശ്ചാത്തലം. ആ നേരത്ത് കൊട്ടാരത്തിലുള്ള ബാഹുബലി പാട്ട് കേള്‍ക്കുന്നതും പ്രണയത്തിലേക്കു വഴി തുറക്കുന്നതുമൊക്കെയാണ് പാട്ടില്‍.

എം എം കീരവാണി എഴുതി ഈണമിട്ട കണ്ണാ നിദുരിഞ്ചരാ…എന്നു തുടങ്ങുന്ന തെലുങ്ക് ഗാനമാണ് ഒറിജിനല്‍. ശ്രീനിഥിയും വി ശ്രീ സൗമ്യയും ചേര്‍ന്നാണ് ആലാപനം.

പാട്ടിന്റെ തമിഴ് വേര്‍ഷന്‍ കണ്ണാ നീ തൂങ്കടാ പാടിയത് മലയാളി ഗായിക നയനാ നായരാണ്. മലയാളത്തില്‍ കണ്ണാ നീ ഉറങ്ങെടാ എന്ന ഗാനം പാടിയത് ശ്വേത മോഹനും.

തമിഴില്‍ കാര്‍ക്കിയും മലയാളത്തില്‍ മാങ്കൊമ്പ് ഗോപാലകൃഷ്ണനുമാണ് വരികളെഴുതിയിരിക്കുന്നത്.