മത്സരങ്ങൾക്കായി താൻ കുട്ടികളെ പരിശീലിപ്പിക്കാറില്ലെന്ന് നവ്യ നായർ. മത്സരങ്ങളുടെ ഇരയായ തനിക്ക്, കല പഠിക്കുന്നത് മത്സരിക്കാനല്ലെന്ന അഭിപ്രായമാണുള്ളതെന്ന് നവ്യ പറയുന്നു. 

കലോത്സവ മത്സരങ്ങൾക്ക് വേണ്ടി കുട്ടികളെ നൃത്തം പരിശീലിപ്പിക്കാറില്ലെന്ന് നവ്യ നായർ. താൻ അത്തരം മത്സരങ്ങളുടെ ഇരയാണെന്നും ഇനിയൊരു കുട്ടിയും അതിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ നവ്യ മലയാളി കുട്ടികളുടെ കഴിവിനേയും പെട്ടെന്ന് പഠിച്ചെടുക്കാനുള്ള മിടുക്കിനേയും കുറിച്ച് താൻ സംസാരിക്കാറുണ്ടെന്നും ഓർമ്മപ്പെടുത്തി.

"ഇവിടെ മത്സരങ്ങൾക്കു വേണ്ടി പഠിപ്പിക്കാറില്ല. മത്സരത്തിലൂടെ എത്തിയ ആളാണല്ലോ ഞാൻ എന്ന് എല്ലാവരും ആലോചിക്കുന്നുണ്ടാകും. എന്റെ കരയുന്ന വിഡിയോ കാണാത്ത ആരുമുണ്ടാകില്ല. പക്ഷേ ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് എന്തിനാണ് നമ്മൾ കുട്ടികളെ എത്തിക്കുന്നത്. ഇതൊരു കലയാണ്. ഈ കല പഠിക്കുന്നതിൽ മത്സരത്തിന്റെ ആവശ്യമില്ല. മത്സരത്തിന് വർണം പത്ത് മിനിറ്റാണ് കളിക്കുന്നത്. വർണമൊക്കെ 20, 25 മിനിറ്റ് കളിക്കേണ്ട ഒരു വലിയ ഐറ്റം ആണ്. വർണമൊക്കെ മത്സരത്തിന് ക്യാപ്‌സൂൾ പോലെയാക്കി അവതരിപ്പിക്കുന്നത് അന്യ സംസ്ഥാനത്തെ കലാകാരൻമാർ പുച്ഛത്തോടെയാണ് കാണുന്നത്. അപ്പോഴും മലയാളി കുട്ടികളുടെ കഴിവിനേയും പെട്ടെന്ന് പഠിച്ചെടുക്കാനുള്ള മിടുക്കിനേയും കുറിച്ച് ഞാൻ സംസാരിക്കാറുണ്ട്." നവ്യ നായർ പറയുന്നു.

"എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഇത്തരത്തിലുള്ള മത്സരമൊന്നും ജീവിതത്തിൽ നമ്മളെ എവിടേയും എത്തിക്കില്ല എന്നതാണ്. ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ വല്ലാതെ ഹിറ്റ് ചെയ്ത് നമ്മളെ തളർത്തിക്കളയാനായിരിക്കും അതിന് സാധിക്കുക. ഒരു കലാരൂപം പഠിക്കുന്നത് മത്സരിക്കാനല്ല. ജീവിതത്തിൽ നമ്മൾ ഒരൊറ്റ മനുഷ്യനോടെ മത്സരിക്കാൻ പാടുള്ളു. അത് നമ്മളോട് തന്നെയാണ്. ഇന്നലത്തെ നമ്മളേക്കാൾ എത്ര മികച്ചതാണ് നാളത്തെ നമ്മൾ എന്നതിൽ മാത്രമേ മത്സരത്തിന്റെ ആവശ്യമുള്ളു. ഒരിക്കലും മത്സരിക്കാൻ പോകരുത്. ഞാൻ മത്സരങ്ങൾ പഠിപ്പിക്കുന്നുമില്ല. കാരണം ഞാൻ അതിൽ വിശ്വസിക്കുന്നില്ല. ഒരു മത്സരത്തിന്റെ ഇരയാണ് ഞാൻ. ഇനിയൊരു കുട്ടിയും അതിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല." നവ്യ നായർ കൂട്ടിച്ചേർത്തു. മാതംഗി ബൈ നവ്യ എന്ന തന്റെ പേജിലൂടെയായിരുന്നു നവ്യയുടെ പ്രതികരണം.

View post on Instagram

റത്തീന സംവിധാനം ചെയ്ത 'പാതിരാതി' ആയിരുന്നു നവ്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. നവ്യ പോലീസ് ഓഫീസറായി എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസകൾ നേടിയിരുന്നു. സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത ചിത്രമായിരുന്നു പാതിരാത്രി.

YouTube video player