ചെന്നൈ: നയന്‍താര ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് എത്തുന്നു. നയന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ സംവിധാനം നയന്‍സിന്‍റെ കാമുകന്‍ എന്ന് കോളിവുഡ് വിശേഷിപ്പിക്കുന്ന വിഗ്നേഷ് ശിവനാണ്. ഇപ്പോള്‍ പുറത്തുവരുന്ന കോളിവുഡ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ നായകന്‍ അജിത്തായിരിക്കും. ചിത്രത്തിന്‍റെ കഥ സംബന്ധിച്ച് നയന്‍സും, വിഗ്നേഷും ചേര്‍ന്ന് അജിത്തിനെ കണ്ടുവെന്നാണ് കോളിവുഡ് റിപ്പോര്‍ട്ട്. 

എന്നാല്‍ 2018 തുടക്കം വരെ ഡേറ്റ് ഇല്ലെന്നാണ് അജിത്ത് അറിയിച്ചത്. പക്ഷെ അജിത്തിനായി കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് നയന്‍സ് വിഗ്നേഷ് ടീമിന്‍റെ തീരുമാനം. കരാറൊപ്പിട്ട ചിത്രങ്ങള്‍ തീര്‍ക്കുന്ന തിരക്കിലാണ് അജിത്ത് ഇപ്പോള്‍. 40 ദിവസത്തെ ഡേറ്റ് തരണമെന്നാണ് അജിത്തിനോട് വിഗ്നേഷും നയന്‍സും ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇത് സമ്മതിച്ച അജിത്ത് ഒരു ദിവസത്തേക്ക് ഒരു കോടി നല്‍കണമെന്ന് ആശ്യപ്പെട്ടുവെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്‍. എന്നാല്‍ പണം പ്രശ്‌നമല്ലെന്നും, അതിനുള്ള തുക കൂടി തരാമെന്ന് നയന്‍സ് ഉറപ്പ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര നായികയായ നാനും റൗഡി താന്‍ എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ് വിഗ്നേഷ്.