മനോജ് ബാജ്പേയിയും പ്രിയാമണിയും ഒപ്പം അഭിനയിക്കുന്നു

ബോളിവുഡ് സംവിധായകര്‍ ഒരുക്കുന്ന ഒരു വെബ് സിരീസില്‍ നീരജ് മാധവ് അഭിനയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ് ആന്‍ഡ് ‍ഡികെ എന്നറിയപ്പെടുന്ന സംവിധായകര്‍ രാജ് നിധിമോരുവും കൃഷ്ണ ഡി.കെയും ചേര്‍ന്ന് ഒരുക്കുന്ന സിരീസില്‍ മനോജ് ബാജ്പേയിയും തബുവുമൊക്കെ അണിനിരക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നീരജ് മാധവിന്‍റേതായി ഇതേക്കുറിച്ച് പ്രതികരണമൊന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ പുറത്തുവന്ന വാര്‍ത്തകള്‍ സത്യമാണെന്ന് പറയുകയാണ് നീരജ്. 

Add Asianetnews as a Preferred SourcegooglePreferred

"അതെ, കേട്ടത് സത്യമാണ്! ആമസോണ്‍ പ്രൈം വഴി സംപ്രേക്ഷണം ചെയ്യാന്‍ ഒരുക്കുന്ന ദി ഫാമിലി മാന്‍ എന്ന വെബ് സിരീസില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. രാജ് ആന്‍റ് ഡികെ എന്ന ഗംഭീര സംവിധായകരോടൊപ്പം അഭിനയിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. മനോജ് ബാജ്പേയിക്കും പ്രിയാമണിക്കുമൊപ്പം സ്ക്രീന്‍ പങ്കിടാനാവുന്നത് ഒരു അനുഗ്രഹവും. ചിത്രീകരണം ഇതിനകം തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കൂടുതലൊന്നും പറയാനാവില്ല.." നീരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Scroll to load tweet…

ഷോര്‍ ഇന്‍ ദി സിറ്റി, ഗൊ ഗോവ ഗോണ്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ശ്രദ്ധേയ സംവിധായകരാണ് രാജ് ആന്‍ഡ് ഡികെ. മലയാളത്തില്‍ നിന്ന് ഇത്തരമൊരു പ്രൊഡക്ഷനില്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളി അഭിനേതാവാണ് നീരജ്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം മാമാങ്കമാണ് നീരജ് ഇപ്പോള്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രം.