ജൂണ്‍ 14 ആയിരുന്നു നേരത്തേ പറഞ്ഞ തീയ്യതി
മോഹന്ലാലിന്റെ ഏറ്റവും പുതിയ ചിത്രം നീരാളിയുടെ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു. ജൂണ് 15ന് ഇന്ത്യയൊട്ടാകെയുള്ള സ്ക്രീനുകളില് ചിത്രം എത്തുമെന്ന് നിര്മ്മാതാവ് സന്തോഷ് ടി.കുരുവിള അറിയിച്ചു. നേരത്തേ പറഞ്ഞിരുന്നതില് നിന്നും ഒരു ദിവസം നേരത്തേയാണ് ചിത്രത്തിന്റെ റിലീസ്. ജയസൂര്യ രഞ്ജിത്ത് ശങ്കര് ചിത്രം ഞാന് മേരിക്കുട്ടി, സല്മാന് ഖാന് ചിത്രം റേസ് 3 എന്നിവയും ഇതേദിവസമാണ് റിലീസ്. മമ്മൂട്ടിയുടെ ഷാജി പാടൂര് ചിത്രം അബ്രഹാമിന്റെ സന്തതികളുടെ റിലീസിംഗ് തീയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ജൂണില്ത്തന്നെയാവും മമ്മൂട്ടി ചിത്രവും തീയേറ്ററുകളിലെത്തുക.

ബോളിവുഡ് സംവിധായകന് അജോയ് വര്മ്മ മലയാളത്തില് ആദ്യമായി ഒരുക്കുന്ന ചിത്രത്തില് നദിയ മൊയ്തുവാണ് നായിക. മൂണ് ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില് സന്തോഷ് ടി.കുരുവിള നിര്മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത് സാജു തോമസ് ആണ്. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. സസ്പെന്സ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന സിനിമ മുംബൈ, പൂനെ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വി.എ.ശ്രീകുമാര് മേനോന് സംവിധാനം ചെയ്യുന്ന ഒടിയന്റെ ഷെഡ്യൂള് ബ്രേക്കിലാണ് മോഹന്ലാല് നീരാളി പൂര്ത്തിയാക്കിയത്.
