സേക്രഡ് ഗെയിംസിനും ഘൗളിനും ശേഷമുള്ള നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യന്‍ സിരീസ്
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ മോഹിപ്പിക്കുന്ന വിജയങ്ങളിലൊന്നായ, എസ്.എസ്.രാജമൗലിയുടെ ബാഹുബലി ഇനി വെബ് സിരീസ് ഫോര്‍മാറ്റിലും. അമേരിക്കല്‍ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സര്‍വ്വീസ് ആയ നെറ്റ്ഫ്ലിക്സ് ആണ് ബാഹുബലിയെ വെബ് സിരീസ് രൂപത്തില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇപ്പോള്‍ രണ്ട് സീസണുകളായി നിര്‍മ്മാണം ഉറപ്പിച്ചിരിക്കുന്ന സിരീസിന്‍റെ ആദ്യ സീസണില്‍ ഒന്‍പത് എപ്പിസോഡുകള്‍ ഉണ്ടാവും.
എന്നാല്‍ ബാഹുബലി പരമ്പരയില്‍ നാം തീയറ്ററുകളില്‍ കണ്ട രണ്ട് സിനിമകളിലും പറയപ്പെട്ട കഥകളാവില്ല നെറ്റ്ഫ്ലിക്സിന്‍റെ വെബ് സിരീസിന് അടിസ്ഥാനം. നേരെ മറിച്ച് സിനിമകളുടെ പ്രീക്വല്‍ ആയിരിക്കും വെബ് സിരീസ്. അതായത് സിനിമാ പരമ്പരയിലെ ആദ്യഭാഗമായ ബാഹുബലി: ദി ബിഗിനിംഗിനും രണ്ടാംഭാഗമായ ബാഹുബലി: ദി കണ്‍ക്ലൂഷനും മുന്‍പ് സംഭവിക്കുന്ന കഥ. ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ് എന്നാവും സിരീസിന്‍റെ പേര്. സിനിമയുടെ പ്രീക്വല്‍ എന്ന നിലയ്ക്ക് ആനന്ദ് നീലകണ്ഠന്‍ എഴുതിയ നോവല്‍ ദി റൈസ് ഓഫ് ശിവകാമിയെ (ശിവകാമിയുടെ ഉദയം) ആസ്പദമാക്കിയാവും നെറ്റ്ഫ്ലിക്സ് സിരീസ് ഒരുക്കുക.
ബാഹുബലി സിനിമയുടെ അണിയറക്കാരുമായി സഹകരിച്ചുകൊണ്ട് തന്നെയാണ് നെറ്റ്ഫ്ലിക്സ് സിരീസ് ഒരുക്കുന്നത്. നിര്‍മ്മാതാക്കളായ അര്‍ക മീഡിയ വര്‍ക്സ് സിരീസുമായി സഹകരിക്കുന്നുണ്ട്. ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലി, ഇന്തോ-അമേരിക്കന്‍ ഫിലിം മേക്കേഴ്സ് ആയ ദേവ കട്ട, പ്രവീണ്‍ സട്ടാരു എന്നിവര്‍ ചേര്‍ന്നാണ് ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ് ഒരുക്കുക.
ബാഹുബലി പരമ്പരയിലെ രണ്ട് സിനിമകളും നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്. അതേസമയം നെറ്റ്ഫ്ലിക്സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ സിരീസ് ആവും ബാഹുബലി ബിഫോര്‍ ദി ബിഗിനിംഗ്. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന സേക്രഡ് ഗെയിംസ്, ഹൊറര്‍ സിരീസ് വിഭാഗത്തില്‍പ്പെട്ട ഘൗള്‍ എന്നിവയാണ് നെറ്റ്ഫ്ലിക്സ് ഇതുവരെ നിര്‍മ്മിച്ച ഇന്ത്യന്‍ സിരീസുകള്‍.
