ഭരതൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'അമരം' 34 വർഷങ്ങൾക്ക് ശേഷം 4K ഡോൾബി അറ്റ്‌മോസിൽ ലോകമെമ്പാടും റീ-റിലീസ് ചെയ്യുന്നു. 1991-ൽ പുറത്തിറങ്ങിയ ഈ ക്ലാസിക് ചിത്രത്തിൽ മുരളി, കെപിഎസി ലളിത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ഭരതൻ, മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'അമരം' മുപ്പത്തിനാല് വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്യുന്നു. 1991 ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ്. മമ്മൂട്ടിക്കൊപ്പം മുരളി, അശോകൻ, മാധു, കെപിഎസി ലളിത തുടങ്ങീ താരങ്ങളുടെ മികച്ച പ്രകടനവും അമരത്തെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഇന്നും നിലനിർത്തുന്നു.
കെപിഎസി ലളിതയ്ക്ക് മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് അമരം.ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു അമ്പട്ട് ആണ്. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ 'അമരം' പ്രദർശിപ്പിച്ചിരുന്നു. സിനിമയുടെ പല രംഗങ്ങൾക്കും വൻ കൈയടിയാണ് അന്നത്തെ പ്രദർശനത്തിന് ലഭിച്ചത്. സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓർമ പുതുക്കൽ വേദി കൂടിയായി പ്രദർശനം മാറിയിരുന്നു. ഇനിയിപ്പോൾ റീ റിലീസ് വരുമ്പോൾ പ്രേക്ഷകരും, മമ്മൂട്ടി ആരാധകരും വലിയ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. രവീന്ദ്രൻ സംഗീതം നൽകിയ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് ജോൺസണായിരുന്നു.
രാജമാണിക്യം പ്രതീക്ഷിച്ചു, അമരം കിട്ടി
4K ഡോൾബി അറ്റ്മോസിലാണ് ചിത്രം വേൾഡ് വൈഡ് റീ റിലീസായി എത്തുന്നത്. സൈബർ സിസ്റ്റംസ് ഓസ്‌ട്രേലിയ എന്ന വിതരണ കമ്പനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം രാജമാണിക്യം, ബിഗ് ബി, മായാവി തുടങ്ങീ ചിത്രങ്ങൾ റീ റിലീസ് പ്രതീക്ഷിച്ച മമ്മൂട്ടി ആരാധകർക്ക് അമരം റീ റിലീസ് താല്പര്യമില്ലെന്നും, ക്ലാസിക് ആണെങ്കിലും റീ റിലീസിന് പറ്റിയ സിനിമയല്ല അമരം എന്നുമുള്ള ആഖ്യാനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.



