ഓണച്ചിത്രങ്ങളും നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മറ്റ് സിനിമകളും സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ഘട്ടംഘട്ടമായി റിലീസ് ചെയ്യാനാണ് ഫിലിം ചേംബര്‍ യോഗത്തില്‍ തീരുമാനമായത്.
പ്രളയക്കെടുതിയെത്തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ഓണച്ചിത്രങ്ങള്‍ എപ്പോള്‍ തീയേറ്ററുകളിലെത്തിക്കണമെന്നത് സംബന്ധിച്ച് തീരുമാനമായി. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് യോഗം ചേര്‍ന്നാണ് ഓണച്ചിത്രങ്ങളുടെ പുതിയ റിലീസ് തീയ്യതികള്‍ തീരുമാനിച്ചത്. ഇതുപ്രകാരം സെപ്റ്റംബര്‍ ഏഴ് മുതല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തിത്തുടങ്ങും. ടൊവീനോ തോമസ് നായകനായ തീവണ്ടിയാണ് ആദ്യമെത്തുക.
അഞ്ച് സിനിമകളാണ് ഓണത്തിന് തീയേറ്ററുകളിലെത്തേണ്ടിയിരുന്നത്. റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി-മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, സേതു-മമ്മൂട്ടി ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, റഫീക്ക് ഇബ്രാഹിം-ബിജു മേനോന്‍ ടീമിന്റെ പടയോട്ടം, ഫെല്ലിനി ടി.പിയുടെ ടൊവീനോ തോമസ് ചിത്രം തീവണ്ടി എന്നിവയായിരുന്നു മുന്‍നിശ്ചയപ്രകാരമുള്ള ഓണച്ചിത്രങ്ങള്‍. ഇതില്‍ ഓണത്തിന് ഒരാഴ്ച മുന്‍പേ തീയേറ്ററുകളിലെത്തേണ്ടിയിരുന്ന ബിജു മേനോന്‍ ചിത്രം പടയോട്ടം പ്രളയത്തെത്തുടര്‍ന്ന് റിലീസ് നീട്ടിയിരുന്നു.
ഓണച്ചിത്രങ്ങളും നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മറ്റ് സിനിമകളും സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ഘട്ടംഘട്ടമായി റിലീസ് ചെയ്യാനാണ് ഫിലിം ചേംബര്‍ യോഗത്തില്‍ തീരുമാനമായത്. ഇതുപ്രകാരം തീവണ്ടി സെപ്റ്റംബര്‍ ഏഴിന് തീയേറ്ററുകളിലെത്തും. കുട്ടനാടന്‍ ബ്ലോഗ് സെപ്റ്റംബര്‍ 14ന്. കായംകുളം കൊച്ചുണ്ണി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ 20നും തീയേറ്ററുകളിലെത്തും. ഓണത്തിന് പിന്നാലെ എത്താനുള്ള മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രം ഡ്രാമ, മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ എന്നിവ ഒക്ടോബര്‍ മാസത്തിലും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും.
പുതിയ സിനിമകള്‍ റിലീസ് ചെയ്യാനുള്ള സാഹചര്യമല്ല സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ളതെന്ന് ഫിയോക്ക് (ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) പ്രതിനിധി എം.സി.ബോബി ഇന്നലെ പറഞ്ഞിരുന്നു. 'ബിസിനസ് കുറയും എന്നത് മാത്രമല്ല, ഈയൊരന്തരീക്ഷത്തില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത് ശരിയാണെന്ന് അഭിപ്രായമില്ല. ഒരാഴ്ച കാത്തിരിക്കാം. കേരളം സാധാരണജീവിതത്തിലേക്ക് തിരികെയെത്തട്ടെ.്', ബോബി പറഞ്ഞിരുന്നു
