തമിഴകത്തെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് രാഷ്‍ട്രീയ രൂപികരണം പ്രഖ്യാപിച്ച് മുന്നോട്ടുപോകുകയാണ്. ആരാധകരുമായും ജനങ്ങളുമായും സംവദിക്കുകയുമാണ് രജനികാന്ത്. രാഷ്‍ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യം എന്തായിരിക്കണമണമെന്ന് അടുത്തിടെ നടത്തിയ വിഡിയോ സന്ദേശത്തില്‍ രജനികാന്ത് പറഞ്ഞു.

തമിഴ്‍നാട് രാഷ്‍ട്രീയത്തില്‍ വലിയ മാറ്റം കൊണ്ടുവരികയായിരിക്കും നമ്മുടെ ലക്ഷ്യം. വളരെ ബുദ്ധിമുട്ടുള്ള ലക്ഷ്യമാണ്. പക്ഷേ അച്ചടക്കത്തോടെ ലക്ഷ്യം നേടാന്‍ പ്രവര്‍ത്തിച്ചാല്‍ നേടാന്‍ പറ്റാത്തതായി ഒന്നുമില്ല. നമ്മുടെ ചിന്തയും ഹൃദയവും ശുദ്ധമായിരിക്കണം. സാമൂഹ്യ പ്രവര്‍ത്തനം എന്നത് സ്വന്തം കാര്യത്തിനു വേണ്ടിയുള്ളതല്ല. ജനങ്ങള്‍ക്ക് വലിയ നന്മ ഉണ്ടാക്കാന്‍ വേണ്ടിയാകണം നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. സ്വന്തം നേട്ടത്തിനു വേണ്ടി ഒന്നും ചെയ്യരുത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകാന്‍ പറ്റണം. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി നമ്മള്‍ക്ക് ദൈവം തന്ന അവസരമാണ്- രജനികാന്ത് പറഞ്ഞു.