ഇസ്ലാമാബാദ്: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവത്' ഇന്ത്യയില്‍ വിവാദങ്ങളില്‍ പെട്ട് ഉഴലുമ്പോള്‍ ചിത്രം പൂര്‍ണ്ണമായും പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിന് U സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ച വിവരം പാകിസ്ഥാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാര്‍ മുബഷില്‍ ഹസന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ദല്‍ഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയെ മോശമായി ചിത്രീകരിക്കുന്ന് ആരോപിച്ച് ചിത്രം പാകിസ്ഥാനിലും വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന അണിയറ പ്രവര്‍ത്തകരുടെ ആശങ്കകളാണ് അവസാനിച്ചത്. എന്നാല്‍ ആരോഗ്യകരമായ വിനോദങ്ങളിലും സര്‍ഗാത്മകതയിലും കലയിലും സെന്‍സര്‍ ബോര്‍ഡ് വിവേചനം കാണിക്കില്ലെന്നും മുബഷിര്‍ ഹസന്‍ പറഞ്ഞു. ചിത്രത്തിന്റെ ചരിത്രപരമായ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഇസ്ലാമാബാദ് ഖായിദേ അസം സര്‍വകലാശാലയിലെ ചരിത്ര വിഭാഗം ചെയര്‍മാന്‍ പ്രഫ. വഖാര്‍ അലി ഷായെയും സെന്‍സര്‍ ബോര്‍ഡ് ക്ഷണിച്ചിരുന്നു. ഇന്ത്യയില്‍ ചിത്രങ്ങള്‍ മാറ്റങ്ങളോടെയാണ് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്.
