സ്മൃതി മന്ദാനയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടിയുമായി സം​ഗീത സംവിധായകന്‍ പലാഷ് മുച്ചാല്‍. ഞാൻ നിങ്ങൾക്ക് തലക്കെട്ട് തന്നു കഴിഞ്ഞുവെന്നും 30കാരനായ മുച്ചാൽ പറഞ്ഞു.

ഇൻഡോർ: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഉടൻ തന്നെ ഇൻഡോറിന്റെ മരുമകളായി മാറുമെന്ന് സംഗീത സംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ പലാഷ് മുച്ചാൽ. ഇതോടെ മന്ഥനയുമായുള്ള പലാഷിന്റെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കൂടുതൽ ആക്കം കൂടി. സോഷ്യൽ മീഡിയയിൽ പലപ്പോഴും ഒരുമിച്ച് കാണപ്പെടുന്ന മുചാലും മന്ദാനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നിരുന്നാലും, ഇരുവരും ഒരിക്കലും റിലേഷനിലാണെന്ന് പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. 

വെള്ളിയാഴ്ച സ്റ്റേറ്റ് പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ, മുച്ചാലിനോട് മന്ദാനയുമായുള്ള ബന്ധത്തെക്കുറിച്ചും അവളുമായി ബന്ധപ്പെട്ട ഓർമ്മകളെക്കുറിച്ചും ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ നിങ്ങൾക്ക് തലക്കെട്ട് തന്നു കഴിഞ്ഞുവെന്നും 30കാരനായ മുച്ചാൽ പറഞ്ഞു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്ററുമാണ് മന്ദാന. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ ഐസിസി വനിതാ ലോകകപ്പ് ഏകദിനം മത്സരം നടക്കുന്നത് ഇൻഡോറിലാണ്. 

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സ്മൃതിക്കും എന്റെ ആശംസകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും ജയിച്ച് രാജ്യത്തിന് മഹത്വം കൊണ്ടുവരണമെന്ന് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നുവെന്നും മുച്ചാൽ പറഞ്ഞു. സഹോദരി പാലക് മുച്ചലിനൊപ്പം നിരവധി ബോളിവുഡ് സിനിമകൾക്ക് സംഗീതം നൽകിയ സം​ഗീതജ്ഞനാണ് പലാഷ് മുച്ചാൽ.