വനിതാ ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി സ്മൃതി മന്ദാന മാറി.
വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സ്മൃതി. ലോകത്തെ അഞ്ചാമത്തെ വനിതാ താരവും. വേഗത്തില്‍ 5000 ക്ലബിലെത്തുന്ന താരവും സ്മൃതി തന്നെ. നാഴികക്കല്ല് പിന്നിടുന്ന പ്രായം കുറഞ്ഞ താരവും മറ്റാരുമല്ല. 112 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സ്മൃതി ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 5568 പന്തുകള്‍ താരം നേരിട്ടു. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്‌ലര്‍ (129 ഇന്നിംഗ്‌സ്), സൂസി ബെയ്റ്റ്‌സ് (6182 പന്തുകള്‍) എന്നിവരെ സ്മൃതി പിന്നിലാക്കി.
155 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പ്രതിക റാവലിനൊപ്പം സ്മൃതി പടുത്തുയര്‍ത്തിയത്. ഏറ്റവും കൂടുതല്‍ 100 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ സഖ്യം ആവാനും ഇരുവര്‍ക്കും സാധിച്ചു. ആറാം തവണയാണ് ഈ സഖ്യം 100ല്‍ അധികം റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്നത്. അതും 21 ഇന്നിംഗ്‌സില്‍ നിന്ന്. മിതാലി രാജ് - പൂനം റാവത്ത് സഖ്യമാണ് മുന്നിലുള്ളത്. 34 ഇന്നിംഗ്‌സില്‍ നിന്ന് ഇരുവരും ഏഴ് തവണ 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
25-ാം ഓവറിലാണ് സ്മൃതി മടങ്ങുന്നത്. 66 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും അകമ്പടിയോടെ 80 റണ്‍സാണ് നേടിയത്. സോഫി മൊളിനെക്‌സിനായിരുന്നു വിക്കറ്റ്. മറ്റൊരു റെക്കോര്‍ഡ് കൂടി സ്മൃതി പിന്നിട്ടിരുന്നു. വ്യക്തിഗത സ്‌കോര്‍ 18ല്‍ എത്തിയതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏകദിനങ്ങളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതി മന്ദാന സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ വനിതാ ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതിയുടെ പേരിലായിരുന്നു.
ഈ വര്‍ഷം കളിച്ച 17 ഏകദിനങ്ങളില്‍ നിന്ന് 982 റണ്‍സാണ് സ്മൃതി നേടിയത്. ഓസ്‌ട്രേലിയക്കെതിരെ 18 റണ്‍സ് കൂടി നേടിയതോടെ വനിതാ ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സ് തിയക്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും സ്മൃതിയുടെ പേരിലായി. 1997ല്‍ 970 റണ്‍സടിച്ച ഓസ്‌ട്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്കിന്റെ പേരിലായിരുന്നു വനിതാ ഏകദിനങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ റെക്കോര്‍ഡ്.
2022ല്‍ 882 റണ്‍സടിച്ച ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, 1997ല്‍ 880 റണ്‍സടിച്ച ന്യൂസിലന്‍ഡിന്റെ ഡെബ്ബി ഹോക്ലി 2016ല്‍ 853 റണ്‍സടിച്ച ആമി സാറ്റര്‍വൈറ്റ് എന്നിവരെയും സ്മൃതി റെക്കോര്‍ഡ് നേട്ടത്തില്‍ പിന്തള്ളിയിരുന്നു. ഈ വര്‍ഷം കളിച്ച 18 മത്സരങ്ങളില്‍ നാലു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും സ്മൃതി നേടി.



