Asianet News MalayalamAsianet News Malayalam

മലയാള സിനിമയുടെ ആകാശത്ത് ഒരു വിജയ പറവ - പറവ റിവ്യൂ

Parava movie review
Author
First Published Sep 21, 2017, 6:53 PM IST

ടീസറോ, ട്രെയിലറോ എന്തിന് ഒരു പാട്ട്പോലും ഇറക്കാതെ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നു. അത് തന്നെയാണ് പറവ എന്ന ചിത്രത്തില്‍ സംവിധായകന്‍ നല്‍കുന്ന ഗ്യാരണ്ടി. അത് തന്നെയാണ് കേട്ടറിഞ്ഞ് തിയറ്ററില്‍ എത്തുന്ന സിനിമ പ്രേക്ഷകരെ പറവ എന്ന ചിത്രത്തോടൊപ്പം കാഴ്ചയുടെ ആകാശത്ത് പറത്തിവിടുന്നത്. മലയാളത്തില്‍ എണ്ണം പറഞ്ഞ റോളുകളില്‍ എത്തി സുപരിചിതനായ സൗബിന്‍ തന്‍റെയുള്ളില്‍ ഉരുക്കി രൂപപ്പെടുത്തിയ സംവിധായകന്‍ എന്ന ദൗത്യം നന്നായി നിര്‍വഹിക്കുന്നു പറവയില്‍ എന്ന് പറയാം.

അസാധാരണത്വം പറയാന്‍ പറ്റാത്ത, മലയാളം ഇതിനകം കണ്ടിട്ടുള്ളതാണ് ചിത്രത്തിന്‍റെ കഥതന്തു. സൗഹൃദവും ബന്ധങ്ങളും, പ്രണയവും, സംഘര്‍ഷവും നിറയുന്നുണ്ട് അതില്‍. എന്നാല്‍ എവിടെയാണ് എങ്ങനെ അത് ആവിഷ്കരിച്ചു എന്നതിലാണ് സൗബിനും സംഘവും വിജയിക്കുന്നത്. മട്ടാഞ്ചേരി എന്നത് മലയാളത്തിലെ ഗുണ്ട അധോലോക പാശ്ചത്താലം കാണിക്കാന്‍ ഉപയോഗിച്ച മലയാള സിനിമയ്ക്ക് തിരുത്ത് നല്‍കുകയാണ് പറവ.

ഇപ്പാച്ചി എന്ന ഇര്‍ഷാദും, അവന്‍റെ കൂട്ടുകാരന്‍ ഹസീബിലുമാണ് കഥ ആരംഭിക്കുന്നത്. ആദ്യ പകുതിയില്‍ മുക്കാല്‍ഭാഗവും ഇവര്‍ കയ്യടക്കുന്നു എന്ന് പറയാം. കേള്‍വിയില്‍ മാത്രം മലയാളി അറിഞ്ഞ പ്രാവ് പറത്തല്‍ മത്സരത്തിന്‍റെ പാശ്ചത്തലം ചിത്രം പരിചയപ്പെടുത്തുന്നുണ്ട്. ഈ മത്സരത്തില്‍ സമ്മാനം നേടാനുള്ള തീവ്രശ്രമത്തിലാണ് ഇരുവരും. സ്കൂള്‍ രംഗങ്ങളിലും സ്കൂള്‍ പ്രണയത്തിലും ഒക്കെ ഈ രണ്ടുപേര്‍ തകര്‍ക്കുന്നു. ഇച്ചാപ്പിയായി എത്തിയ അമൽ ഷായും ഹസീബ് ആയി എത്തിയ ഗോവിന്ദും തന്നെയാണ് ചിത്രത്തിലെ നായകര്‍ എന്ന് പറയേണ്ടിവരും. 

ഇവരില്‍ നിന്നാണ് ഇവരുടെ ചുറ്റുപാടിലേക്ക് കഥ വികസിക്കുന്നത്. അതിന് അനുസരിച്ച് കഥ പറച്ചിലിന്‍റെ രീതിയിലും പിരിമുറുക്കം വരുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഇപ്പാച്ചിയുടെ ഓര്‍മ്മകളിലൂടെ അനാധനായ മട്ടാഞ്ചേരിക്കാരന്‍ ഇമ്രാന്‍ എന്ന വേഷത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. ഇതുവരെ കാണാത്ത ഒരു വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത് എന്നത് തന്നെയാണ് റോളിന്‍റെ പ്രത്യേകത. ചിത്രത്തിന്‍റെ കാല്‍ഭാഗത്തോളം മാത്രമാണ് ദുല്‍ഖര്‍ സ്ക്രീന്‍ കൈയ്യടക്കുന്നെങ്കിലും ആ സാന്നിധ്യം ഉണ്ടെന്ന ഫീല്‍ നല്‍കാന്‍ സംവിധായകനും തിരക്കഥയും വിജയിക്കുന്നു.ഷെയിൻ എന്ന കഥാപാത്രമായി ഷെയിൻ നിഗം മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുന്നു.

ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ, സൈനുദ്ദീനിന്റെ മകൻ സിനിൽ, ജേക്കബ് ഗ്രിഗറി, ഇന്ദ്രൻസ്, സിദ്ദിഖ്, ശ്രീനാഥ് ഭാസി, സ്രിന്ത, ഷൈന്‍ ടോം ചാക്കോ.. ഇങ്ങനെ ചിത്രത്തിലെ താരങ്ങള്‍ എല്ലാം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പിന്നീട് ചിത്രത്തില്‍ എ‍ടുത്ത് പറയേണ്ടത് ഛായഗ്രഹണം തന്നെയാണ് ലിറ്റിൽ സ്വയംപ് പോൾ എന്ന ഛായാഗ്രാഹകന്‍ തന്‍റെ ആദ്യചിത്രമാണെന്ന് തോന്നിക്കാത്ത വിധത്തില്‍ മട്ടാഞ്ചേരിയുടെ കാഴ്ചകള്‍ പ്രേക്ഷകനില്‍ എത്തിക്കുന്നു. പ്രത്യേകിച്ച ആകാശ ദൃശ്യങ്ങളില്‍. ഒപ്പം രാത്രി ദൃശ്യങ്ങളും മട്ടാഞ്ചേരിയുടെ ഇടുങ്ങിയ വഴികളിലെ വേഗതയേറിയ കാഴ്ചകളും. 

Parava movie review

മനുഷ്യനോടൊപ്പം പ്രാവുകളും അഭിനയിക്കുന്നുവോ എന്ന് തോന്നും പറവ കണ്ടാല്‍. റെക്സ് വിജയന്‍റെ സംഗീതത്തിന്‍റെ കാര്യത്തില്‍ എത്തിയാല്‍ ചിത്രത്തിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വേലികെട്ടി തിരിക്കേണ്ടി വരില്ലെന്ന് പറയാം.  പ്രവീൺ പ്രഭാകറിന്‍റെ എഡിറ്റിംഗും, അജയന്‍റെ കലാസംവിധാനവും മനോഹരം എന്ന് തന്നെ പറയാം.

മലയാള സിനിമയില്‍ കാണാത്ത കഥാപാശ്ചത്തലത്തില്‍ പ്രേക്ഷകന് പറന്ന് നടക്കാന്‍ അവസരം ഒരുക്കുകയാണ് പറവ എന്ന് പറയാം. ഇതിന് അവസരം ഒരുക്കിയ സൗബിനും, നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനും ഒരു കൈയ്യടി നല്‍കണം. നഷ്ടപ്പെടുലുകളുടെയും, ആഗ്രഹങ്ങളുടെയും രണ്ട് ട്രാക്കില്‍ കഥ പറയുമ്പോഴും ചില ഇഴച്ചിലുകള്‍ ചിത്രം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ പറവയുടെ പൂര്‍ണ്ണതയില്‍ ഇത് കണാത്ത കുറവുകള്‍ മാത്രമാണ്.

Follow Us:
Download App:
  • android
  • ios