ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ഇന്ന് തിയേറ്ററുകളിലെത്തും. അതേസമയം ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ഇന്നലെ ഉത്തരേന്ത്യയില്‍ ആരംഭിച്ച ആക്രമങ്ങള്‍ക്ക് ഇതുവരെയും യാതൊരു കുറവുമില്ല. ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂ ഇന്നലെ നടന്നിരുന്നു.

പലയിടത്തും കല്ലേറും തീവെപ്പുമടക്കമുള്ള പ്രതിഷേധമാണ് അരങ്ങേറിയത്. ദില്ലിയിലെ ഗുഡ്ഗാവില്‍ വിദ്യാര്‍ത്ഥികളുമായിപ്പോയ സ്‌കൂള്‍ ബസിന് നേരെ ആക്രമണമുണ്ടായി. ചിത്രം പ്രദര്‍ശനത്തിന് എത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് 27 സ്ത്രീകള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. അതേസമയം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രജപുത്രം സംഘടനയായ കര്‍ണിസേന പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന എന്നി സംസ്ഥാനങ്ങളിലാണ് ആക്രമണമുണ്ടായത്. സിനിമ പ്രദര്‍ശനത്തിന് എത്തിയാല്‍ തിയേറ്ററുകള്‍ ആക്രമിക്കുമെന്ന് കര്‍ണിസേനയും ഹിന്ദുസേനയും ഭീഷണി മുഴക്കിയിട്ടുണ്ട്.