ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരനെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. വിവാഹം പോലും വേണ്ടെന്നു വച്ച് അഞ്ച് വര്‍ഷമാണ് പ്രഭാസ് ബാഹുബലിക്കായി മാറ്റിവച്ചത്. ഇനിയെന്തായാലും പ്രഭാസിനെ വിവാഹം കഴിപ്പിക്കാന്‍ തന്നെയാണ് വീട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രഭാസിന്റെ വിവാഹം തീരുമാനിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റാസി സിമന്റ്സിന്റെ ചെയർമാൻ ഭൂപതി രാജയുടെ കുടുംബമാണ് വിവാഹാലോചനയുമായി പ്രഭാസിന്റെ കുടുംബത്തിലെത്തിയത്. രണ്ടു കുടുംബങ്ങളും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചർച്ചയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം മാർച്ചിൽ വിവാഹമുണ്ടാകുമെന്നുമാണ് റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യഗികമായ സ്ഥിരീകരണമുണ്ടായില്ല. ബാഹുബലി ദ് ബിഗിനിങ് മുതല്‍ ഇതുവരെ പ്രഭാസിന് ആറായിരത്തോളം വിവാഹാലോചനകള്‍ വന്നിട്ടുണ്ടെന്നും നേരത്തെ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.