ഇരുപതുവര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം പ്രകാശ് രാജ് മോഹന്‍ലാലിന് ഒപ്പം അഭിനയിക്കുകയാണ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ചിത്രത്തിലാണ് പ്രകാശ് രാജും അഭിനയിക്കുന്നത്. തന്നെ അത്ഭുതപ്പെടുത്തിയ, താൻ അസൂയയോടെ കാണുന്ന നടനാണ് മോഹൻലാലെന്ന് പ്രകാശ് രാജ് പറയുന്നു.

മുമ്പ് മണിരത്നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും പ്രകാശ്‍ രാജ് പറഞ്ഞു. ദേശീയ അവാര്‍ഡിനായി ‘ഇരുവര്‍’ ജൂറിക്കു മുന്നിലെത്തിയപ്പോള്‍ സഹനടന്റെ അവാര്‍ഡിനായാണ് മോഹൻലാലിനേയും തന്നെയും പരിഗണിച്ചത്. രണ്ട് കഥാപാത്രങ്ങളെയും നിരവധി തവണ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ജൂറിക്ക് ആശയക്കുഴപ്പം. ഈ രണ്ടുപേരില്‍ ആരാണ് സഹനടനെന്നു സംവിധായകന്‍ മണിരത്‌നത്തോട് ജൂറി ചോദിച്ചു. അദ്ദേഹത്തിന് ദേഷ്യംവന്നു. സഹനടന്‍മാരല്ല, അവര്‍ രണ്ടുപേരും നായക കഥാപാത്രങ്ങളാണെന്നായിരുന്നു മണിരത്നം മറുപടി നല്‍കിയത്. ഒടുവില്‍ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് എന്നെ തേടിയെത്തിയെന്നും പ്രകാശ് രാജ് പറഞ്ഞു.