പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയെ വരവേല്‍ക്കാന്‍ കേരളക്കരയാകെ ഒരുങ്ങിയിരിക്കുകയാണ്. ആക്ഷനും ഫാമിലി ഇമോഷണലും ചേര്‍ന്ന ആദിയിലൂടെ സാധാരണ ചെറുപ്പക്കാരന്‍റെ ജീവിതവും അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് പറയുന്നത്. ചിത്രത്തിന് വലിയ രീതിയിലുള്ള ആഘോഷമാണ് പ്രണവ് ആരാധകര്‍ ഒരുക്കുന്നത്. 

 പാര്‍ക്കൗര്‍ അഭ്യാസിയായാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരാകാഭ്യാസമാണ് പാര്‍ക്കൗര്‍. കെട്ടിടത്തില്‍ നിന്ന് ചാടുന്ന രംഗങ്ങളൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് പ്രണവ് ചെയ്തതെന്നും നിറഞ്ഞ വാര്‍ത്തയായിരുന്നു. ജനുവരി 26 ന് ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന്‍റെ ത്രില്ലില്ലാണ് ആരാധകരും സിനിമാ ലോകവും. ഇതിനായി നിരവധി കട്ട് ഔട്ടുകളാണ് കേരളക്കരയാകെ നിറഞ്ഞിരിക്കുന്നത്.

 ഹിറ്റ് മേക്കര്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ താരനിരയും ഒന്നിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുന്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം 200 തിയേറ്ററുകളിലായാണ് പ്രദര്‍ശനം. അതേസമയം പ്രണവ് ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാ ലോകം. ദുല്‍ഖര്‍, ഹരീഷ് പേരടി, മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിയങ്ക നിരവധി താരങ്ങളാണ് താരപുത്രന് ആശംസയുമായി എത്തിയിരിക്കുന്നത്.

 സിദ്ദിഖ്, ലെന, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അദിതി രവി, അനുശ്രീ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സതീഷ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.