മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ രണ്ടാം ചിത്രത്തിന്‍റെ തിരക്കിലാണ്. ജീത്തു ജോസഫിന്‍റെ ആദിയിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ പ്രണവ് മലയാളത്തിലെ യുവനടന്‍മാര്‍ക്ക് വെല്ലുവിളിയാകുകയാണ്. ശരീരം കൊണ്ടുള്ള അഭ്യാസപ്രകടനങ്ങളാണ് പ്രണവിന്‍റെ കൈമുതല്‍.

ആദ്യ ചിത്രമായ ആദിയില്‍ തന്നെ അത് പ്രകടമായിരുന്നു. അസാമാന്യ വൈഭവത്തോടെയാണ് ശാരീരികാഭ്യാസങ്ങള്‍ യുവനടന്‍ ചെയ്തത്. ആദിയിലെ പാര്‍ക്കര്‍ ഫൈറ്റ് വലിയ ശ്രദ്ധനേടിയിരുന്നു.

രണ്ടാം ചിത്രത്തിലേക്ക് കടക്കുമ്പോള്‍ ശരീരം കലയാക്കിമാറ്റുകയാണ് മോഹന്‍ലാലിന്‍റെ മകന്‍. രാമലിലയുടെ സംവിധായകന്‍ അരുണ്‍ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പണിപ്പുരയിലാണ് പ്രണവ്. ചിത്രത്തിനായി അതിസാഹസിക സര്‍ഫിംഗുമായാണ് യുവനടന്‍ എത്തുക.

ആഴക്കടലില്‍ ഊളിയിട്ട് പോകാന്‍ ശേഷിയുള്ള മികച്ച ഒരു സര്‍ഫറിന്‍റെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി ഒരു മാസത്തിലധികം സര്‍ഫിംഗ് പഠിച്ച ശേഷമാണ് പ്രണവ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയിരിക്കുന്നത്.

പുലിമുരുഗനും രാമലീലയ്ക്കും ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഈ വര്‍ഷം അവസാനത്തോടെ തീയറ്ററുകളിലെത്തും.