പുതിയ റിലീസ് രീതിയിൽ ആശങ്കയുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

കൊച്ചി: ജെഎസ്കെ സിനിമാ വിവാദ​ത്തിൽ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ അറിയിച്ചിരിക്കുകയാണ്. ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രവീൺ നാരായണൻ. ഇതിൽ സന്തോഷമാണോ വിഷമമാണോ എന്നറിയില്ലെന്ന് പ്രവീൺ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

"പേര് നൽകുന്നത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. ഇടപെടൽ ഉണ്ടായാൽ സ്വാതന്ത്ര്യം എന്ന് പറയാൻ പറ്റില്ല. ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയ്ക്ക് സമയം എന്നത് വളരെ പ്രധാനമാണ്. എത്രയും പെട്ടെന്ന് റിലീസ് ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. നിയമനടപടികളുമായി മുന്നോട്ടുപോയാൽ ഇനിയും കുറെ കാലം എടുക്കും", എടുക്കുമെന്ന് പ്രവീൺ നാരായണൻ പറഞ്ഞു. പുതിയ റിലീസ് രീതിയിൽ ആശങ്കയുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

“ജാനകി വിദ്യാധരന്‍ പിള്ള എന്നാണ് ആ കഥാപാത്രത്തിന്‍റെ മുഴുവന്‍ പേര്. നിലവില്‍ വി കൂടി ആഡ് ചെയ്യാന്‍ നമുക്ക് സാധിക്കും. അതുകൊണ്ടാണ് തയ്യാറായത്. ജാനകി എന്ന കഥാപാത്രം സിനിമയില്‍ തന്നെ ഹൈക്കോടതിയില്‍ കയറുന്നുണ്ട്. റിയല്‍ ലൈഫിലും അങ്ങനെയാണ് നില്‍ക്കുന്നത്. സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വരെ ആശങ്കയുണ്ട്”എന്നും സംവിധായകന്‍ പറയുന്നു. 

ഈ വിവാ​ദം മാർക്കറ്റിം​ഗ് തന്ത്രമാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേകുറിച്ചുള്ള ചോദ്യത്തിന്"മാർക്കറ്റിങ്ങിന് ഇത്ര കഴിവുള്ള ആളാണ് താനെന്ന് അറിഞ്ഞില്ല" എന്നായിരുന്നു പ്രവീൺ നാരായണന്റെ മറുപടി.

ജാനകി സിനിമ വിവാദത്തിൽ ഇപ്പോൾ ഉണ്ടായത് സമവായമാണെന്ന് ഫെഫ്ക ജനറന്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഇത് ജാനകി എന്ന ഒരു സിനിമയ്ക്ക് വേണ്ടി മാത്രം ഉണ്ടായ പോരാട്ടം അല്ല. ഇനി വരാൻ പോകുന്ന എല്ലാ സിനിമകൾക്കും വേണ്ടിയുള്ള ചെറുത്തുനിൽപ്പാണ്. ഒരു സിനിമ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ എന്തൊക്കെ എന്നതിൽ വ്യക്തത വേണം. ഇത്തരം വിവാദങ്ങളിൽ ശാശ്വത പരിഹാരം നിയമനിർമാണമാണെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്