വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്രയോ ക്ഷേത്രങ്ങളുണ്ട് ശബരിമലയെ വെറുതേ വിട്ടുകൂടെ എന്നായിരുന്നു പൃഥ്വിയുടെ അഭിപ്രായം

കൊച്ചി: കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയത്തില്‍ തന്‍റെ നിലപാട് നടന്‍ പൃഥ്വിരാജ് വ്യക്തമാക്കിയത്. ഒരു വനിത മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് പൃഥ്വി സ്വന്തം നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്ന് വ്യക്തമാക്കിയാല്‍ അതില്‍ അഭിപ്രായം പറയാമെന്നും അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്രയോ ക്ഷേത്രങ്ങളുണ്ട് ശബരിമലയെ വെറുതേ വിട്ടുകൂടെ എന്നായിരുന്നു പൃഥ്വിയുടെ അഭിപ്രായം.

എന്നാല്‍ ഈ അഭിപ്രായം വാര്‍ത്തയായതോടെ പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ അടിയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. അഭിപ്രായം പറഞ്ഞതോടെ പൃഥ്വിരാജ് എതിര്‍ത്തും അനുകൂലിച്ചും നിരവധിയാളുകളാണ് ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്ക് അടിയില്‍ കമന്‍റ് ഇടുന്നത്. ഭരണഘടന അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നവര്‍ ഏറെയാണ്. 

അതേ സമയം പൃഥ്വിയുടെ നിലപാട് ശരിയാണെന്നും അതിന് സല്യൂട്ട് നല്‍കുന്നതായും ചിലര്‍ പ്രതികരിക്കുന്നു. ഒരു കമന്‍റ് ഇങ്ങനെ 'ചേട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ആരാധിക ആണ് ഞാന്‍. ചേട്ടന്റെ ആദ്യം മുതലുള്ള നിലപാടുകള്‍ ആണ് അതിന് 65 % ഉം കാരണം'. പൃഥ്വിയുടെ കമന്‍റിന് മറുപടിയായി തീയറ്ററില്‍ മറ്റു ചിത്രങ്ങള്‍ ഉണ്ടല്ലോ, എന്തിന് 9 കാണണം എന്ന് പ്രതികരിക്കുന്നവരുമുണ്ട്.