രാജുവിന്‍റെ സ്വന്തം പടത്തിന് വിളക്ക് കൊളുത്താന്‍ അവരല്ലാതെ മറ്റാര്

First Published 9, Apr 2018, 11:32 PM IST
Prithviraj sukumarans New Movie Nine Shooting started
Highlights
  • രാജുവിന്‍റെ സ്വന്തം പടത്തിന് വിളക്ക് കൊളുത്താന്‍ അവരല്ലാതെ മറ്റാര്

പൃഥ്വിരാജിന്‍റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. നൈന്‍(9) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജീനസ് മൊഹമ്മദാണ് സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമ്പോള്‍ അതിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. പൃഥ്വിരാജിന്‍റെ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍ കൈകോര്‍ക്കുന്ന ആദ്യ ചിത്രത്തിന്‍റെ ഭദ്രദീപം കൊളുത്തിയത് ഡ്രൈവര്‍ രാജനും മേക്കപ്പ് മാന്‍ പ്രമോദും ചേര്‍ന്നായിരുന്നു. 

ഡ്രൈവര്‍ രാജന്‍ രാജുവിനൊപ്പം പത്താം ക്ലാസ് മുതല്‍ ഒരുമിച്ചുള്ളതാണ്. പ്രമോദ് അതിനും മുമ്പ് തന്നെ പൃഥ്വിരാജിനൊപ്പമുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന സിദ്ധു പണക്കലിന്‍റെ മരുമകന്‍ കൂടിയാണ് പ്രമോദ്.  പൃഥ്വിരാജിന്‍റെ  കുട്ടിക്കാലം മുതല്‍ തന്നെ സുകുമാരരന്‍ ഫിലിം ഹൗസിന്റെ ഭാഗമായിരുന്നു സിദ്ധുവും കുടുംബവും.  വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമായി നിര്‍മാണ സംരംഭം ആരംഭിക്കുമ്പോള്‍ ഈ രണ്ടുപേര്‍ ചേര്‍ന്നാണ് ഭദ്രദീപം കൊളുത്തിയത്. തന്‍റെ വഴികളിലെല്ലാം കൂടെ നിര്‍ത്തിയ ഇരുവരും പുതിയ സംരംഭത്തിനും കൂട്ടിനുണ്ട്. രാജുവിന്‍റെ സ്വന്തം പടത്തിന് വിളക്ക് കൊളുത്താന്‍ അവരല്ലാതെ മറ്റാര് എന്നാണ് സിനിമ മേഖലയിലെ അടക്കം പറച്ചില്‍.

സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രത്തിനായി ഷാന്‍  റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും. ഷൂട്ടിങ് ആരംഭിക്കുന്ന വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

loader