പ്രതിഷേധിക്കാനില്ലെന്നും രാഷ്ട്രപതി സമ്മാനിക്കാത്ത പുരസ്കാരം വീട്ടിലേക്ക് അയച്ചുതന്നാൽ മതിയെന്നും അറിയിച്ചാണ് അവാര്‍ഡ് ജേതാക്കള്‍ നാട്ടിലേക്ക് മടങ്ങിയത്.
ദില്ലി: കേന്ദ്രസർക്കാരിന്റെ അതിഥികളായി ദില്ലിയിൽ എത്തുന്നവർ സ്ഥിരമായി താമസിക്കുന്നത് പഞ്ചനക്ഷത്രഹോട്ടലായ അശോകയിലാണ്. ഇൗ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾ താമസിച്ചതും ഇവിടെയായിരുന്നു. എന്നാൽ ഇത്രകാലമായും കാണാത്ത നാടകീയ രംഗങ്ങൾക്കാണ് അശോക് ഹോട്ടൽ വ്യാഴാഴ്ച്ച സാക്ഷ്യംവഹിച്ചത്.
ഇന്നലെ പകലിൽ പുരസ്കാരവിതരണത്തിന്റെ റിഹേഴ്സൽ നടക്കുന്നതിനിടെയാണ് 11 പുരസ്കാരങ്ങൾ മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യൂ എന്ന വിവരം അവാർഡ് ജേതാക്കൾ അറിയുന്നത്. ഇതിനെതിരെ മലയാളീതാരങ്ങൾ അടക്കമുള്ള അവാർഡ് ജേതാക്കൾ പ്രതിഷേധം അറിയച്ചതോടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രശ്നത്തിൽ ഇടപെട്ടു. രാഷ്ട്രപതിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉച്ചയോടെ തീരുമാനമറിയിക്കാമെന്ന് മന്ത്രി അവാർഡ് ജേതാക്കളെ അറിയിച്ചു. എന്നാൽ പിന്നീട് മന്ത്രിയുടെ ഓഫീസിൽ നിന്നും യാതൊരു പ്രതികരണവും താരങ്ങൾക്ക് ലഭിച്ചില്ല.
പുരസ്കാര വിതരണചടങ്ങ് നടക്കുന്ന വ്യാഴാഴ്ച്ച രാവിലെ അവാർഡ്ജേതാക്കളെല്ലാം ഹോട്ടലിലെ ലോഞ്ചിൽ ഒത്തുകൂടി. കാര്യങ്ങൾ അനിശ്ചിതമായി നീളുന്നതിനിടെ പുരസ്കാരങ്ങൾ രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നിവേദനം തയ്യാറാക്കി. ഇൗ നിവേദനം രാഷ്ട്രപതിയുടെ ഓഫീസിനും വാർത്ത വിതരണ മന്ത്രാലയത്തിനും എത്തിച്ചു. രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങേണ്ട ഗായകൻ യേശുദാസും സംവിധായകൻ ജയരാജും നിവേദനത്തിൽ ഒപ്പുവച്ചതോടെ എല്ലാവർക്കും പ്രതീക്ഷ ഇരട്ടിച്ചു.
12 മണിയോടെ ജൂറി ചെയർമാൻ ശേഖർ കപൂർ താരങ്ങളെ കാണാനെത്തി. അവാർഡ് ജേതാക്കളുടെ ആവശ്യം ന്യായമെന്ന് സമ്മതിച്ച ശേഖർ കപൂർ സ്മൃതി ഇറാനിയെ കണ്ട് സംസാരിക്കാമെന്ന് ഉറപ്പുനൽകി. പുറത്തു പോയ ശേഖർ കപൂറും മറ്റു രണ്ട് അംഗങ്ങളും ചടങ്ങ് തുടങ്ങുന്നതിന് അൽപസമയം മുൻപ് ഹോട്ടലിൽ തിരിച്ചെത്തി. മുൻതീരുമാനത്തിൽ നിന്നും മാറ്റമില്ലെന്നും അവാർഡ് വിതരണ ചടങ്ങ് ബഹിഷ്കരിക്കരുതെന്നും ശേഖർകപൂറും ജൂറി അംഗങ്ങളും അവാർഡ് ജേതാക്കളോട് അഭ്യർത്ഥിച്ചു.
എന്നാൽ ഇതിന് പ്രതിഷേധക്കാർ വഴങ്ങിയില്ല. മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസിലും ഭാര്യ നസ്റിയയും ഉടനെ ഹോട്ടൽ വിട്ട് നാട്ടിലേക്ക് തിരിച്ചു. ചടങ്ങ് ബഹിഷ്കരിച്ച മറ്റുള്ളവർ മാധ്യമങ്ങളെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചു. ദേശീയ പുരസ്കാരത്തെയല്ല, അവാർഡ് വിതരണചടങ്ങ് മാത്രമാണ് തങ്ങൾ ബഹിഷ്കരിക്കുന്നതെന്ന് പ്രതിഷേധിച്ചവർ മാധ്യമങ്ങളെ അറിയിച്ചു. യേശുദാസും ജയരാജും ഇതിനിടെ അവാർഡുകൾ സ്വീകരിക്കാൻ ഹോട്ടലിൽ നിന്ന് പുറപ്പെട്ടിരുന്നു. ഇത് മലയാളി താരങ്ങളെ നിരാശരാക്കി. കൂടുതൽ പ്രതിഷേധിക്കാനില്ലെന്നും രാഷ്ട്രപതി സമ്മാനിക്കാത്ത പുരസ്കാരം വീട്ടിലേക്ക് അയച്ചുതന്നാൽ മതിയെന്നും അറിയിച്ച് ചടങ്ങിൽ നിന്ന് വിട്ടുനിന്ന മറ്റുള്ളവരും നാട്ടിലേക്ക് മടങ്ങി.
