രജനീകാന്ത് ചിത്രം കബാലിയുടെ സെൻസർ കോപ്പി ചോർന്നതായി സൂചന. ചില ടോറന്‍റ് സൈറ്റുകളിൽ സിനിമയുടെ പകർപ്പ് പ്രത്യക്ഷപ്പെട്ടതായാണ് വിവരം. ബോളീവുഡ് ചിത്രങ്ങളായ ഉഡ്താ പഞ്ചാബ്, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്താനി തുടങ്ങിയ ചിത്രങ്ങളുടെ സെന്‍സര്‍ കോപ്പികള്‍ സമാനമായ രീതിയില്‍ അടുത്തകാലത്ത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോപ്പികള്‍ കൂടുതല്‍ പ്രചരിക്കുന്നത് തടയാന്‍ കബാലിയുടെ അണിയറക്കാര്‍ ശ്രമിക്കുന്നതായും സൂചനകളുണ്ട്. ലോകം മുഴുവന്‍ കബാലിക്കായി കാത്തിരിക്കുകയാണ്. ജൂലൈ 22 ന് ചിത്രം റിലീസാകും. മുന്‍കൂര്‍ ബുക്കിങ് എല്ലാം ഇപ്പോഴെ ഹൗസ്ഫുള്‍ ആയിരിക്കുകയാണ്. അതിനിടെയാണ് സെന്‍സര്‍ കോപ്പി ചോര്‍ന്നതായ വാര്‍ത്തകള്‍ പുറത്തു വരുന്നത്.

കബാലി 200 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. വിതരണാവകാശം വിറ്റത് ഉള്‍പ്പെടെയുള്ള മറ്റ് ബിസിനസുകള്‍ വഴിയാണ് ചിത്രം റിലീസിന് മുമ്പേ 225 കോടി രൂപ നേടിയത്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം വിറ്റതിലൂടെ മാത്രം നിര്‍മ്മാതാവ് കലൈപുലി എസ്. താണുവിന് 68 കോടി രൂപ ലഭിച്ചു.

ആന്ധ്രപ്രദേശിലെ വിതരണാവകാശം 32 കോടി രൂപയ്ക്കും കേരളത്തിലേത് 7.5 കോടി രുപയ്ക്കുമാണ് വിറ്റത്. മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. വടക്കേ ഇന്ത്യയിലെ വിതരണാവകാശം 15.5 കോടി രൂപയ്ക്കും മലേഷ്യയിലേത് 10 കോടി രൂപയ്ക്കും വിറ്റു.

യു.എസ്.എ, കാനഡ തുടങ്ങി മറ്റ് വിദേശ രാജ്യങ്ങളിലെ വിതരണാവകാശം വിറ്റതിലൂടെയും നിര്‍മ്മാതാവിന്‍റെ പോക്കറ്റില്‍ കോടികള്‍ എത്തി. സാറ്റലൈറ്റ് അവകാശവും ഓഡിയോ റൈറ്റ്‌സും 40 കോടി രൂപയ്ക്കാണ് വിറ്റത്.