കൊച്ചി: അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതിയും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയ നടിയാണ് രജീഷ വിജയന്‍. ചിത്രത്തിലെ കഥാപാത്രത്തെ പോലെ തന്നെ ശക്തമായ തീരുമാനം സാഹചര്യത്തിനനുസരിച്ച് എടുക്കാന്‍ കെല്‍പുള്ള നടിയാണ് വ്യക്തി ജീവിതത്തിലും രജിഷ.

സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം എന്ന് രജിഷ പ്രതികരിച്ചു. ഒരു പ്രമുഖ വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, ശല്യം ചെയ്തയാളെ കരണത്തടിച്ച സംഭവവും രജീഷ വെളിപ്പെടുത്തി.

ഞാന്‍ ഒരാളെ അടിച്ചിട്ടുണ്ട്. ശരിക്കും മുഖത്ത് നോക്കി പൊട്ടിച്ചു. എന്‍റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ ഒരു വിരല്‍ വയ്ക്കാന്‍ പോലും നിങ്ങള്‍ക്ക് അധികാരമില്ലെന്ന് ഞാന്‍ പറഞ്ഞു. നമ്മളെ ഒരാള്‍ തുറച്ച് നോക്കുമ്പോള്‍, അയാള്‍ ആവശ്യമില്ലാതെ പിന്തുടരുകയാണെങ്കില്‍ പ്രതികരിക്കണം എന്ന് രജിഷ പറയുന്നു.

ഒരാള്‍ പരിധി വിട്ടു പോകുകയാണെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബോധം സ്ത്രീകള്‍ക്കുണ്ട്. അത് കാണുമ്പോള്‍ പ്രതികരിച്ചാല്‍ നാളെ മറ്റൊരു സ്ത്രീയുടെ ജീവിതം കൂടെയാണ് നമ്മള്‍ രക്ഷിക്കുന്നത്. സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ പ്രധാനകാരണം കര്‍ശനശിക്ഷയില്ലാത്തതാണ്. കാശുണ്ടെങ്കില്‍ ഏതു കേസില്‍നിന്നും ഊരിപ്പോരാമെന്നും കേസ് വര്‍ഷങ്ങളോളം നീണ്ടാല്‍ മരിക്കും വരെ വിധി വരില്ലെന്ന വിശ്വാസവുമാണ് പലര്‍ക്കും. 

ഒരാളെ മര്യാദയ്ക്ക് ശിക്ഷിച്ചാല്‍ അടുത്ത തവണ അത് ചെയ്യാന്‍ പോകുന്നവന് ഉള്ളിന്റെ ഉള്ളില്‍ ഒരു പേടിയുണ്ടാവും. ഇപ്പോള്‍ ആ പേടി ആര്‍ക്കുമില്ല.
തെറ്റു ചെയ്യാന്‍ പോകുന്നവന്‍ ഒരിക്കലും ഒരു ബലാത്സംഗത്തോടെയല്ല അതിക്രമങ്ങള്‍ തുടരുന്നത്. ആദ്യം അയാള്‍ ഒരു സ്ത്രീയെ നോക്കും. പിന്നെ തോണ്ടും. കമന്റടിക്കും. തെറി വിളിക്കും. സൈബര്‍ അബ്യൂസാവും. പേടിയോടെ ആയിരിക്കും അവര്‍ ഇതൊക്ക തുടങ്ങിവയ്ക്കുന്നത്. 

ആ സമയത്ത് ഒരു സ്ത്രീ പ്രതികരിച്ചാല്‍ അന്നവരുടെ ധൈര്യം ചോര്‍ന്നുപോകും. പക്ഷെ എത്ര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ പ്രതികരിക്കാതിരിക്കുന്നുണ്ട് – രജീഷ ചോദിക്കുന്നു.