ചെന്നൈ: രജനികാന്തിന്‍റെ മാസ് ചിത്രം 'പേട്ട' കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ചിത്രത്തിന്റെ കളക്ഷൻ വളരെവേഗം 200 കോടി പിന്നിടുമെന്നാണ് അണിയറക്കാരുടെ കണക്കുകൂട്ടലുകൾ.

സ്റ്റൈൽമന്നന്റെ പതിവ് നമ്പരുകൾ ഒന്നാകെ സമന്വയിപ്പിച്ചപ്പോൾ അണിയറപ്രവർത്തകരുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. പേട്ട പത്ത് ദിവസം കൊണ്ട് ചെന്നൈയിൽ മാത്രം നേടിയത് 11 കോടി. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ കളക്ഷൻ 200 കോടി പിന്നിടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 

അന്താരാഷ്ട്ര സിനിമാവിപണിയിലും പേട്ട ജൈത്രയാത്ര തുടരുകയാണ്. രജനി ആരാധകർ ഏറെയുള്ള അമേരിക്കയിൽ ചിത്രം ജനുവരി 20 വരെ നേടിയത് 17 കോടി രൂപയാണ് . യുഎഇയിൽ 10 ദിവസം കൊണ്ട് 12.39 കോടിയും നേടി. ഇങ്ങനെ കുറഞ്ഞ ദിവസത്തിനുള്ളിൽ പുറത്തുവരുന്നതെല്ലാം കോടികളുടെ കണക്കുകളാണ്. സ്റ്റൈലിനൊപ്പം രാഷ്ട്രീയം കലർത്തിയപ്പോഴും രജനിക്ക് കണക്കുകൾ പിഴച്ചില്ല.

പിസ, ജിഗർതണ്ട, മെർക്കുറി തുടങ്ങി ചുരുങ്ങിയ ചിത്രങ്ങളിലൂടെ കോളീവുഡിന്‍റെ ഹിറ്റ് സംവിധായകനായി മാറിയ കാർത്തിക് സുബ്ബരാജ് പേട്ടയിലൂടെ കീഴടക്കിയത് പുതിയ സിംഹാസനം. രജനി - കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ ഇനിയും ചിത്രങ്ങൾ ഒരുങ്ങുന്നുവെന്നാണ് തമിഴകത്തെ പുതിയ വർത്തമാനം.