കൊച്ചി: രാമലീലയിലേയ്ക്ക് ആദ്യം കരുതിയ നായകന്‍ പൃഥ്വിരാജ് ആയിരുന്നു. എന്നാല്‍ അതു പിന്നീട് ദിലീപില്‍ എത്തുകയായിരുന്നു എന്ന് ചിത്രത്തിന്റെ തിരക്കഥകൃത്ത് സച്ചി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു സച്ചി ഇതു പറഞ്ഞത്. 

ഞാന്‍ പൊതുവേ ദിലീപ് സിനിമകളില്‍ നിന്നും അകന്ന് നില്‍ക്കുന്ന ഒരാളായിരുന്നു. മറ്റൊന്നുമല്ല, അങ്ങനെയുള്ള ഹ്യൂമര്‍ സംഭവങ്ങള്‍ എനിക്ക് വഴങ്ങാത്ത ഒന്നാണ്. വാച്യമായ കോമഡികള്‍ എനിക്ക് വഴങ്ങില്ല. അതേ സമയം ദിലീപിന്‍റെ വിജയിച്ച സിനിമകളും ദിലീപ് പേരെടുത്ത സിനിമകളുമെല്ലാം അത്തരത്തിലുള്ളതാണ്. 

അതുകൊണ്ടാണ് ദിലീപ് ചിത്രങ്ങളില്‍ നിന്നും അകന്ന് നിന്നത്. റണ്‍ ബേബി റണ്‍ ചെയ്ത് കഴിഞ്ഞ് സമയം. ആ സിനിമ കണ്ടതിന് ശേഷം ദിലീപ് എന്നോട് പറഞ്ഞു, 'ഭായി നമുക്ക് ഇതുപോലെ ഒരു സിനിമ ചെയ്യണം'. സിനിമ സീരിയസ് ആയിരിക്കും, ഹ്യൂമറിന് പതിവ് ദിലീപ് സിനിമകളുടെ പ്രാധാന്യവും ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. സാഹചര്യങ്ങള്‍ അനുവദിക്കുന്ന കോമഡികള്‍ മാത്രമേ ഞാന്‍ ചെയ്യാറുള്ളു.

'ഞാന്‍ ചെയ്യുന്ന സിനിമകള്‍ നോക്കണ്ട്. ഭായിക്ക് ഇഷ്ടപ്പെട്ട ഭായിയുടെ പോലെത്തെ ഒരു സിനിമയാണ് എനിക്ക് വേണ്ടത്. അതില്‍ ഞാന്‍ ഇടപെടാനേ വരില്ല. ഭായിക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നും' ദിലീപ് പറഞ്ഞു. അതു കൊള്ളാം, അങ്ങനെയാണെങ്കില്‍ നമുക്ക് അലോചിക്കാം എന്ന് മനസില്‍ ഉണ്ടായിരുന്നു. 

രാമലീലയുടെ കഥ മനസില്‍ ആദ്യം രൂപപ്പെടുമ്പോള്‍ ദിലീപ് ആയിരുന്നില്ല. മറ്റൊരു പശ്ചാത്തലിത്തിലുള്ള ചിത്രത്തിലേക്ക് പൃഥ്വിരാജിനെയാണ് പരിഗണിച്ചത്. ആദ്യം അനാര്‍ക്കലി അതിന് ഒരു വര്‍ഷത്തിന് ശേഷം ഈ സിനിമ ചെയ്യാം എന്ന് പൃഥ്വിരാജ് പറഞ്ഞു. അനാര്‍ക്കലി അല്ലെങ്കില്‍ രാമലീല എന്ന ഓപ്ഷന്‍ വന്നപ്പോള്‍ അനാര്‍ക്കലി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. 

പിന്നീട് ആലോചിച്ചപ്പോള്‍ ദിലീപ് അനുയോജ്യമാണ് കഥ എന്ന് മനസിലാക്കി കഥാപശ്ചാത്തലത്തില്‍ മാറ്റം വരുത്തി ദിലീപിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ദിലീപ് ഓകെ പറഞ്ഞു.