നടി ആലിയ ഭട്ടുമായി താൻ പ്രണയത്തിലാണെന്ന്  രൺബീർ

ഒടുവിൽ ബോളിവുഡിന്റെ പ്രിയ നടൻ രൺബീർ കപൂർ ആ സത്യം തുറന്ന് പറഞ്ഞു. നടി ആലിയ ഭട്ടുമായി താൻ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് രൺബീർ. ആലിയയെയാണ് താൻ പ്രണയിക്കുന്നതെന്നും ആലിയയുടെ പെരുമാറ്റമാണ് തന്നെ കൂടുതൽ ആകർഷിച്ചതെന്നും രൺബീർ പറയുന്നു.

'ഒരുപാട് ആകാംക്ഷയോടെയാണ് താൻ പുതിയ പ്രണയബന്ധം ആരംഭിക്കുന്നത്. ജീവിതത്തിൽ എനിക്ക് കുറച്ച് കൂടി പക്വത വന്നത് പോലെ തോന്നുന്നുണ്ടെന്ന് രൺബീർ പറഞ്ഞു. ബന്ധങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കല്‍പ്പിക്കുന്നുണ്ടെന്നും രൺബീർ നിറഞ്ഞചിരിയോടെ പറ‍ഞ്ഞു. ആലിയയുമായുള്ള പ്രണയബന്ധം രൺബീർ ആദ്യമായാണ് തുറന്ന് പറയുന്നത്. 

ആലിയയുടെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന്ന ചോദ്യത്തിന് അടുത്തിടെ ആലിയ പറഞ്ഞ മറുപടി രൺബീർ കപൂർ എന്നതായിരുന്നു. എന്നാൽ ആലിയ അന്ന് പ്രണയബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നില്ല. ഇതിന് മുമ്പ് രൺബീർ കപൂറും ദീപിക പദുകോണും പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നു.