മുംബൈ: വൈദ്യുതി മോഷണത്തിന് പ്രമുഖ ബോളീവുഡ് നടിക്കെതിരെ കേസെടുത്തു. പ്രശസ്ത ബോളിവുഡ് നടി രതി അഗ്‌നിഹോത്രിക്കെതിരെയാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. രതിയും ഭര്‍ത്താവും പ്രശസ്ത ആര്‍ക്കിടെക്ടുമായ അനില്‍ വിര്‍വാനിയും ചേര്‍ന്ന് 48.96 ലക്ഷം രൂപയുടെ വൈദ്യുതി മോഷ്ടിച്ചെന്നാണ് പൊലീസ് കേസ്. വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ച ശേഷമായിരുന്നു മോഷണം. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 135ാം വകുപ്പ് പ്രകാരം നടിക്കും ഭര്‍ത്താവിനും എതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

രതി അഗ്നിഹോത്രി താമസിക്കുന്ന മുംബൈയിലെ വേര്‍ളിയിലെ നെഹ്‌റു പ്ലാനിറ്റോറിയത്തിന് സമീപമുള്ള സ്റ്റെര്‍ലിംങ് സീ ഫേസ് അപ്പാര്‍ട്ട്‌മെന്റിലെ മീറ്ററിലാണ് കൃത്രിമം കാണിച്ചിരുന്നത്. മുംബൈ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വിജിലന്‍സ് സംഘം അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.

2013 ഏപ്രില്‍ നാലു മുതല്‍ രതിയും ഭര്‍ത്താവും ചേര്‍ന്ന് വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചിരുന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. ഏക് തുജേ കേലിയേ, കൂലി, യാദേന്‍, സിംഗ് ഈസ് ബ്ലിംഗ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച രതി അഗ്നിഹോത്രി വര്‍ഷങ്ങളായി മുംബൈയിലെ ഈ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്.