ഇന്ത്യയിലെ ഏറ്റവും മനോഹര ശബ്‍ദങ്ങളിലൊന്നിന്റെ ഉടമയായ എസ് ജാനകി പാടിയ അവസാനത്തെ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്‍തു. 'പത്ത് കല്പനകള്‍' എന്ന സിനിമയിലേതാണ് ഗാനം. "അമ്മപ്പൂവിനും" എന്ന തുടങ്ങുന്ന താരാട്ടു പാട്ടോടു കൂടി താന്‍ സംഗീതജീവിതത്തോട് വിടപറയുമെന്ന് നേരത്തെ എസ് ജാനകി പറഞ്ഞിരുന്നു. റോയ് പുറമഠത്തിന്റെ വരികള്‍ക്ക് മിഥുന്‍ ഈശ്വര്‍ സംഗീതം നല്‍കിയിരിക്കുന്നു.

മീര ജാസ്മിന്‍ മലയാളസിനിമയിലേക്കു തിരിച്ചു വരുന്നു എന്ന സവിശേഷത കൂടിയുണ്ട് 'പത്ത് കല്പനകള്‍'ക്ക്. അനൂപ് മേനോനും മീര ജാസ്മിനും കൂടാതെ കനിഹ, കവിത നായര്‍, തമ്പി ആന്റണി, പ്രശാന്ത് നാരായണന്‍ തുടങ്ങിയവരും ക്രൈം ത്രില്ലറില്‍ അഭിനയിച്ചിട്ടുണ്ട്. സൂരജ് - നീരജ് എന്നിവര്‍ക്കൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത് ജെയിനാണ്‌. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍.