സല്‍മാൻ ഖാന് ജയിലില്‍ വിവിഐപി പരിഗണന നല്‍കിയെന്ന് റിപ്പോര്‍ട്ട്, എയര്‍ കൂളറും സിഗരറ്റും നല്‍കി

കൃഷ്‍ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ ജയിലിലായ സല്‍മാൻ ഖാന് വിവിഐപി സൗകര്യങ്ങള്‍ നല്‍കിയെന്ന് ആരോപണം. ജയിലില്‍ എയര്‍ കൂളറും സിഗരറ്റും ലഭ്യമാക്കിയെന്നാണ് ആരോപണം. ജയിലിലെ മറ്റ് തടവുകാര്‍ക്ക് നല്‍കാത്ത സൗകര്യങ്ങളാണ് സല്‍മാൻ ഖാന് നല്‍കിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയിലിലായ ആദ്യ ദിവസം സല്‍മാൻ ഖാൻ കഴിഞ്ഞത് എയര്‍ കണ്ടീഷൻ ചെയ്‍ത വീഡിയോ കോണ്‍ഫറൻസ് മുറിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അവിടെ ടിവി സൗകര്യമുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ പാതിരാത്രി വരെ സല്‍മാൻ ഖാന് ഒപ്പമുണ്ടായിരുന്നു. ഡെപ്യൂട്ടി ഇൻസ്പെക്ടര്‍ ജനറലുടെ കുടുംബം സല്‍മാൻ ഖാനെ സന്ദര്‍ശിക്കാനെത്തി. അവരുടെ കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുക്കാനും സമ്മതം നല്‍കി. സെല്‍ഫി മാത്രവുമല്ല സമയപരിധി കഴിഞ്ഞും സല്‍മാൻ ഖാനെ കാണാൻ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കി. സല്‍മാൻ ഖാന് സിഗരറ്റ് എത്തിച്ചുകൊടുത്തു. വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങളും നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

അതേസമയം സല്‍മാൻ ഖാന് ഉപാധികളോട് കോടതി ഇന്ന് ജാമ്യം നല്‍കി. 25000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലും അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് എന്ന വ്യവസ്ഥകളോടെയുമാണ് ജാമ്യം നല്‍കിയത്.