മാധവൻ എന്ന കഥാപാത്രത്തിന് ആ രംഗത്തിൽ അത്തരത്തിലൊരു ചിന്ത വരുന്നത് വൈകൃതമാണ് എന്നാണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത് കൂടിയായ രഞ്ജൻ പ്രമോദ് പറയുന്നത്. അതിനകത്ത് പറയാവുന്ന അശ്ലീലം താൻ തന്നെ എഴുതി വച്ചിട്ടുണ്ടെന്നും രഞ്ജൻ പ്രമോദ് കൂട്ടിച്ചേർത്തു.
മലയാളത്തിലെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് രഞ്ജൻ പ്രമോദ്. 'രണ്ടാം ഭാവം', 'മീശ മാധവൻ', 'മനസ്സിനക്കരെ', 'അച്ചുവിന്റെ അമ്മ', 'നരൻ', 'എന്നും എപ്പോഴും' തുടങ്ങീ മികച്ച സിനിമകൾ എഴുതിയ രഞ്ജൻ പ്രമോദ് സംവിധായകനായും കഴിവ് തെളിയിച്ച വ്യക്തിയാണ്. 'ഫോട്ടോഗ്രാഫർ' എന്ന ചിത്രത്തിലൂടെയാണ് രഞ്ജൻ പ്രമോദ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബിജു മേനോനെ നായകനാക്കി 'രക്ഷാധികാരി ബൈജു', ദിലീഷ് പോത്തൻ നായകനായി എത്തിയ 'ഒ.ബേബി' തുടങ്ങീ ചിത്രങ്ങളും രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുകയുണ്ടായി.
ഇപ്പോഴിതാ ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ മീശ മാധവൻ എന്ന ചിത്രത്തോടുള്ള തന്റെ വിയോജിപ്പുകൾ തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് രഞ്ജൻ പ്രമോദ്. മീശ മാധവനിൽ തനിക്കുള്ളത് പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന്റെ വിഷയമില്ലെന്നും, അരഞ്ഞാണ മോഷണ രംഗത്തിൽ മാധവന്‍ എന്ന കഥാപാത്രത്തിന്റെ മനസില്‍ 'അവളെ കാണുമ്പോള്‍ റേപ്പ് ചെയ്യണം'മെന്ന് തോന്നുന്നത് വൈകൃതമാണ് എന്നാണ് രഞ്ജൻ പ്രമോദ് പറയുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്ജൻ പ്രമോദിന്റെ പ്രതികരണം.
പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ ഞാന്‍ ഇപ്പോഴും കാര്യമാക്കുന്നില്ല
"മീശമാധവന്റെ ഔട്ടില്‍ എനിക്ക് തീരെ താല്‍പര്യമില്ലാത്തൊരു കാര്യമുണ്ട്. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ അന്നൊരു സംസാരം ഉണ്ടായിട്ടുണ്ട്. ഒരു സീനിലെ ഡയലോഗുമായി ബന്ധപ്പെട്ടാണത്. അരഞ്ഞാണ മോഷണ സീനുമായി ബന്ധപ്പെട്ട കാര്യമാണ്. അന്ന് അദ്ദേഹം എനിക്ക് തന്ന വാക്ക്, എഡിറ്റില്‍ പോകും എന്നായിരുന്നു. പക്ഷെ ആ എഡിറ്റ് കാണാന്‍ മതിയായ സമയം തന്ന് എന്നെ വിളിച്ചില്ല. എറണാകുളത്തു നിന്നും വരാനുള്ളവര്‍ക്കെല്ലാം വരാനുള്ള സമയം കിട്ടി. ചെന്നൈയിലുള്ള എനിക്ക് സമയം കിട്ടിയില്ല. ചിലപ്പോള്‍ അറിയിക്കാന്‍ പറ്റാതെ പോയതുമാകാം.
പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ വിഷയമല്ല. മാധവന്‍ പിന്നീട് പ്രണയിക്കാന്‍ പോകുന്ന പെണ്‍കുട്ടിയാണത്. അവളോട് മാധവന്‍ എന്ന കഥാപാത്രത്തിന്റെ മനസില്‍ അങ്ങനെ തോന്നുന്നത് വൈകൃതമാണ്. അവളെ കാണുമ്പോള്‍ റേപ്പ് ചെയ്യണം എന്നാണോ അവന് തോന്നേണ്ടത്? അതാണ് പ്രശ്‌നം. അല്ലാതെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് അല്ല. പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ ഞാന്‍ ഇപ്പോഴും കാര്യമാക്കുന്നില്ല. നീ പറയുന്നത് പോലെ ജീവിക്കാന്‍ എനിക്ക് സൗകര്യമില്ല. ഞാന്‍ പറയുന്നത് നിനക്ക് സൗകര്യമുണ്ടേല്‍ കേട്ടാല്‍ മതി
ആ കഥാപാത്ര രൂപീകരണത്തിന്റെ പ്രശ്‌നമാണ്. അതിനകത്ത് പറയാവുന്ന അശ്ലീലം ഞാന്‍ തന്നെ എഴുതി വച്ചിട്ടുണ്ട്. ഡബിള്‍ മീനിങ് ഉള്ളൊരു സാധനം ഞാന്‍ നേരത്തെ തന്നെ എഴുതി വച്ചിട്ടുണ്ട്. അതിന്റെ മുകളില്‍ പോയി ഇത്തരം അശ്ലീലം കലര്‍ത്തേണ്ടതില്ല. ഞാന്‍ തന്നെ വൃത്തികേടാക്കിയിട്ടുണ്ട്. അതൊരു റൊമാന്റിക് സീനാണ്. അരഞ്ഞാണത്തിന്റെ വലിപ്പം അടക്കമുള്ള കാര്യങ്ങളില്‍ എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജോസിന്റെ വിഷനും ഉത്തരവാദിത്തങ്ങളും വേറെയാണ്. അത്തരം എതിര്‍ അഭിപ്രായങ്ങളൊന്നും വിഷയമല്ല. ഞാന്‍ കാണുന്ന ആങ്കിളിലാകില്ല അദ്ദേഹം കാണുന്നത്." രഞ്ജൻ പ്രമോദ് പറഞ്ഞു.
രണ്ടാം ഭാവത്തിനും മീശ മാധവനും ശേഷം ലാൽ ജോസ്- രഞ്ജൻ പ്രമോദ് കൂട്ടുകെട്ട് പിന്നീട് ഒരുമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. അതേസമയം ദിലീഷ് പോത്തൻ നായകനായി എത്തിയ ഒ. ബേബിക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ഒടിടി റിലീസിന് ശേഷം ലഭിച്ചിരുന്നത്.



