മുംബൈ: ബോളിവുഡിന്റെ കിംഗ് ഖാന്‍ മക്കള്‍ക്കും കുടുംബത്തിനുവേണ്ടി ജീവിതത്തിലെ വലിയൊരു തീരുമാനമെടുക്കാനൊരുങ്ങുകയാണ്. താന്‍ പുകവലിയും മദ്യപാനവും നിര്‍ത്താന്‍ ആലോചിക്കുകയാണെന്ന് ഷാരൂഖ് വെളിപ്പെടുത്തി. മക്കള്‍ക്കും കുടുംബത്തിനുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് പുതിയ തീരുമാനമെന്നും മൂന്ന് കുട്ടികളുടെ പിതാവായ ഷാരൂഖ് വ്യക്തമാക്കി.

നാലു വയസുകാരന്‍ മകന്‍ അബ്റാമിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയാത്തതാണ് തന്നെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചതെന്നും ഷാരൂഖ് വ്യക്തമാക്കി. ആരോഗ്യകരമായ ജീവതരീതിയിലേക്ക് മടങ്ങിപ്പോവണമെന്നതും തന്റെ ചിന്തയെ ബലപ്പെടുത്തി. ഒരു അമ്പതുകാരന്റെ ജീവിതത്തില്‍ നാലു വയസുകാരന്റെ നിഷ്കളങ്കതയ്ക്കും സ്നേഹത്തിനും ചെലുത്താവുന്ന സ്വാധീനമെന്ന് വേണമെങ്കിലും ഇതിനെ പറയാം. എന്തായാലും അത് നല്ലതാണ്.

അടുത്ത 20-25 വര്‍ഷം കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ചെലവഴിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അതുകൊണ്ട് ആരോഗ്യകരമായ ജീവതരീതി പിന്തുടരാമെന്ന് തീരുമാനിച്ചു. തന്റെ രീതികളെ മക്കള്‍ വെറുക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷാരൂഖ് വ്യക്തമാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയായ ഷാരൂഖ് മത്സരങ്ങള്‍ക്കിടെ ഗ്രൗണ്ടില്‍വെച്ചുപോലും പുകവലിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു.