ദില്ലി: അവസരം കിട്ടിയാല്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. ഇന്ത്യയില്‍ ഏറ്റവും മികച്ച സിനിമകള്‍ ഇറങ്ങുന്നത് മലയാളത്തിലാണ്. ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ അത് വലിയ ബഹുമതി യാണെന്നും താരം പറയുന്നു. 

തന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷാരൂഖ് മലയാള സിനിമയോടുള്ള തന്റെ ഇഷ്ടത്തെപ്പറ്റി വാചാലനായത്. ബോളിവുഡ് സിനിമകള്‍ ഇനിയും ഒരുപാട് മാറേണ്ടതുണ്ടെന്നും സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദംഗല്‍ പോലുള്ള ചിത്രങ്ങള്‍ ഇനിയും ഉണ്ടാകണമെന്നും ഷാരൂഖ് പറയുന്നു.

തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്ന വിഷയത്തിലും താരം പ്രതികരിച്ചു. സിനിമയ്ക്ക് ഇടയിലാണെങ്കില്‍ പോലും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും ദേശീയഗാനവും പതാകയുമെല്ലാം രാജ്യത്തിന്റെ പ്രതീകമാണെന്നും ഷാരൂഖ് പറഞ്ഞു. 
രാജ്യത്തിന്റെ പ്രതീകങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും ഷാരൂഖ് പറഞ്ഞു.