സംവിധായകൻ ഷാജി കൈലാസിന്റെ പുതിയ ചിത്രമായ 'വരവി'ൽ മകൻ റുഷിൻ സഹസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.
അച്ഛൻ ഷാജി കൈലാസിന്റെ പുതിയ ചിത്രമായ വരവിൽ മകൻ റുഷിൻ അസിസ്റ്റന്റ് ഡയറക്ടറാകുന്നു. ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം മകന് അദ്ദേഹം ആശംസകൾ അറിയിച്ചിട്ടുമുണ്ട്. "ഞങ്ങളുടെ മകൻ റുഷിൻ ഞങ്ങളുടെ പുതിയ സിനിമയായ വരവിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോയിൻ ചെയ്തു. നിന്റെ പാത ജ്ഞാനത്താൽ പ്രകാശിക്കട്ടെ, നിന്റെ ഹൃദയം ധൈര്യത്താൽ നിറയട്ടെ, നിന്റെ ആത്മാവ് സത്യസന്ധതയാൽ നയിക്കപ്പെടട്ടെ. നിന്റെ പുതിയ യാത്രയിൽ വലിയ വിജയവും പൂർത്തീകരണവും കൈവരിക്കട്ടെ", എന്നായിരുന്നു ഷാജി കൈലാസിന്റെ വാക്കുകൾ.
ജോജു ജോർജ് നായകനായി എത്തുന്ന സിനിമയാണ് വരവ്. ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറിൽ ആരംഭിച്ചു. മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രം ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വലിയ മുതൽമുടക്കിലും, വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്.
ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചൻ്റെ , ജീവിത പോരാട്ടത്തിൻ്റെ കഥ പറയുകയാണ് വരവ് എന്ന ഈ ചിത്രത്തിലൂടെ. മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ,അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൾ, , കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജി കൈലാസിൻ്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്.ദ്രോണ എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്നത്.



