മുംബൈ: തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്‍റെ ആദ്യ വര്‍ഷങ്ങളിലും ഇന്ത്യയുടെ മനം കവര്‍ന്ന ശക്തിമാന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഇന്ത്യയിലെ തന്നെ ആദ്യ തദ്ദേശീയ സൂപ്പര്‍ ഹീറോ ആയിരുന്നു ശക്തിമാന്‍. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാന്‍ സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യാന്‍ തയ്യാറാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന തന്നെയാണ് ഇത് വ്യക്തമാക്കിയത്.

നിരവധി ചാനലുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ശക്തിമാനായി താന്‍ തന്നെ വീണ്ടും വേഷമിടുമെന്ന് മുകേഷ് ഖന്ന പറയുന്നു. എല്ലാവര്‍ക്കും ശക്തിമാന്‍ എന്നു പറയുമ്പോള്‍ തന്നെയാണ് ഓര്‍മ്മ വരിക. അതിനാല്‍ ശക്തിമാനായി താന്‍ തന്നെ എത്തുന്നതായിരിക്കും എല്ലാവര്‍ക്കും ഇഷ്ടമെന്നും മുകേഷ് ഖന്നയുടെ അഭിപ്രായം. നേരത്തെ ശക്തിമാന്‍റെ പത്താം പതിനഞ്ചാം വാര്‍ഷികത്തില്‍ പോഗോ ടിവിക്കായി ശക്തിമാന്‍റെ സ്പെഷ്യല്‍ എപ്പിസോഡ് ചെയ്തിരുന്നു.

15 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ശക്തിമാനാകാന്‍ ഒരുപാട് കഠിനാധ്വാനം വേണ്ടിവരും. എട്ട് കിലോയോളം ഭാരം കുറയ്‌ക്കേണ്ടി വരും. ശക്തിമാന്‍ എന്ന കഥാപാത്രത്തെ മറ്റൊരു നായകനും അവതരിപ്പിക്കാന്‍ കഴിയില്ലെന്നും തനിക്ക് പ്രായം ഒരു തടസ്സമാകുകയില്ലെന്നും മുകേഷ് ഖന്ന പറയുന്നു. എന്നാല്‍ പുതിയ ഭാഗത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ താരം തയ്യാറായില്ല.