മസില്‍മാന്‍ സല്‍മാന്‍ഖാനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേക്കായിരുന്നു അഭിനയിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച് ആ വേഷം സ്നേഹത്തോടെ നിരസിച്ചതായും തരൂര്‍ വ്യക്തമാക്കി
മുംബൈ: ലോക മലയാളിക്ക് അഭിമാനകരമായ നിരവധി നേട്ടങ്ങള്‍ക്കുടമായാണ് ശശി തരൂര്‍ എന്ന തിരുവനന്തപുരത്തെ എംപി. ഐക്യരാഷ്ട്ര സഭയിലെ സ്ഥാനങ്ങളും മത്സരവുമെല്ലാം തരൂരിനെ ആഗോളതലത്തില്‍ തന്നെ പ്രശസ്തനാക്കിയിരുന്നു. മടങ്ങിവന്ന് മത്സരിച്ച് ജയിച്ച് എംപിയും മന്ത്രിയുമൊക്കെയായെങ്കിലും വിവാദങ്ങളും വേട്ടയാടി.
അതിനിടയിലാണ് ബോളിവുഡില്‍ അഭിനയിക്കാമായിരുന്നെന്ന് തരൂര്‍ തന്നെ വ്യക്തമാക്കിയത്. മസില്‍മാന്‍ സല്‍മാന്‍ഖാനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേക്കായിരുന്നു അഭിനയിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച് ആ വേഷം സ്നേഹത്തോടെ നിരസിച്ചതായും തരൂര്‍ വ്യക്തമാക്കി.
ആമിര്‍ ഖാനും സല്‍മാനും ഒന്നിച്ചഭിനയിച്ച അന്ദാസ് അപ്‌നാ അപ്‌നാ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കി. കാണാന്‍ തന്നെപൊലെയുള്ള ഒരാളാണ് ആ സിനിമയില്‍ അഭിനയിച്ചതെന്നും താനല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 1994 ല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ യുഎന്നിലായിരുന്നെന്നും അഭിനയിച്ച ആളെ അറിയാമെന്നും തരൂര്‍ വിവരിച്ചു.
ഗുജറാത്തില്‍ നിന്നുള്ള നടനായിരുന്നു അതെന്നും അടുത്തിടെ അദ്ദേഹം മരിച്ചുപോയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. യുവാവും സുന്ദരനുമായിരുന്ന കാലത്ത് ആരെങ്കിലും സിനിമയിലേക്ക് ക്ഷണിച്ചിരുന്നെങ്കില്‍ അഭിനയിച്ചേക്കാമായിരുന്നെന്നും അദ്ദേഹം വിവരിച്ചു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് തരൂര്‍ മനസ് തുറന്നത്.

