ഒരു സെക്കന്റ് പോലും ആലോചിക്കാതെയാണ് ഖുഷി തംപ്സ് അപ് കാണിച്ചത്
കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനായിരുന്നു വരൻ. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹ വേദിയിലേക്കെത്തിയത്. രണ്ടാമതൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഇഷ്ടത്തിനല്ല, മറിച്ച് മകളുടെ ഇഷ്ടത്തിനാണ് മുൻഗണന കൊടുത്തതെന്ന് ആര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്ഷനു ശേഷവും ഇതേ കാര്യം തന്നെയാണ് സിബിനും ആവർത്തിച്ചത്. ഓസ്‌ട്രേലിയയിലെ ഷോയ്ക്ക് ശേഷം നാട്ടിൽ മടങ്ങി എത്തിയതിനു ശേഷമാണ് പ്രിയപ്പെട്ടവർക്കു വേണ്ടി ഒരു റിസപ്‌ഷൻ കൂടി ആര്യയും സിബിനും ഒരുക്കിയത്. സ്വന്തം ബ്രാൻഡിൽ സുന്ദരി ആയി ആര്യ എത്തിയപ്പോൾ കറുപ്പ് സ്യൂട്ട് അണിഞ്ഞാണ് സിബിൻ എത്തിയത്. മുൻ ബിഗ് ബോസ് താരങ്ങൾ ഉൾപ്പെടെയുള്ളവർ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
''ഉള്ളിന്റെയുള്ളിൽ ഖുഷി ഈ വിവാഹം ആഗ്രഹിച്ചിരുന്നു എന്നാണ് എനിക്ക് മനസിലായത്. ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. മമ്മിയെ കല്യാണം കഴിച്ചോട്ടെ, ആർ യു ഓക്കെ എന്നു ചോദിച്ചപ്പോൾ ഒരു സെക്കന്റ് പോലും ആലോചിക്കാതെയാണ് ഖുഷി തംപ്സ് അപ് കാണിച്ചത്'', സിബിൻ പറഞ്ഞു.
''അദ്ദേഹത്തിന് അങ്ങനെ മനസ്സിൽ തോന്നി, എന്നോട് തുറന്നുപറഞ്ഞു. ഞാൻ ഓക്കെയും പറഞ്ഞു. ഈ വിവരം മോളോട് ചോദിച്ചപ്പോൾസെക്കൻഡുകൾ കൊണ്ട് അവൾക്ക് പൂർണസമ്മതം എന്ന് പറയുകയും ചെയ്തു. അങ്ങനെ ഇത് മുൻപോട്ട് പോയി. സെല്ഫ് ലെസ് ആയിട്ടുള്ള മനുഷ്യൻ ആണ്. സിബിന് മറ്റുള്ളവർ ആണ് ആദ്യം പ്രയോരിറ്റി. അവരുടെ കാര്യങ്ങൾ കഴിഞ്ഞേ അവന് അവന്റെ കാര്യം ഉള്ളൂ'', എന്നായിരുന്നു ആര്യയുടെ പ്രതികരണം.


