സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ തന്നെ ചതിക്കുമെന്ന് കരുതിയില്ലെന്ന് നടന്‍ ചിമ്പു. സ്വന്തം അനുജനെപ്പോലെയാണ് ആദിക്കിനെ കരുതിയെന്നും ചിമ്പു പറയുന്നു. ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഇത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലുമാണ്.


ചിമ്പുവിനെ നായകനാക്കി അന്‍ബാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ എന്ന സിനിമ സംവിധാനം ചെയ്‍തത് ആദിക് ആയിരുന്നു. മൈക്കിള്‍ രായപ്പനായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ചിത്രം പരാജയപ്പെട്ടിന് കാരണം ചിമ്പുവിന്റെ അഹങ്കാരമാണെന്ന് മൈക്കിള്‍ രായപ്പന്‍ ആരോപിച്ചിരുന്നു. പ്രൊഡ്യൂസേഴ്‍സ് കൗണ്‍സിലില്‍ പരാതിയും നല്‍കിയുരുന്നു. ചിമ്പുവിനെ തിരെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മൈക്കിള്‍ രായപ്പന് ഒപ്പം ആദിക് പങ്കെടുത്തതാണ് ചിമ്പുവിനെ ചൊടിപ്പിച്ചത്. ചിമ്പുവിന് അനുകൂലമായോ എതിരായോ ഒന്നും ആദിക് സംസാരിച്ചില്ലെങ്കിലും മൗനമാണ് തന്നെ വേദനിപ്പിച്ചത് എന്നാണ് ചിമ്പു പറയുന്നത്. എന്നെ കുറിച്ച് മൈക്കിള്‍ രായപ്പന്‍ പരസ്യമായി സംസാരിച്ചപ്പോള്‍ നീ അയാളുടെ അരികിലുണ്ടായിരുന്നു. അയാള്‍ എന്നെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ നീ ഒന്നും പറഞ്ഞില്ല. എന്നെ കുറ്റപ്പെടുത്താനായിരുന്നു നീ അവിടെ ഇരുന്നതെങ്കില്‍ എനിക്ക് പ്രശ്‍നമല്ലായിരുന്നു. പക്ഷേ നിന്റെ മൗനം എന്നെ അസ്വസ്ഥമാക്കി- ചിമ്പു ടെലിഫോണില്‍ പറയുന്നു. എന്നാല്‍ ചിമ്പുവിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് ആദിക് മറുപടിയായി പറയുന്നുണ്ട്. മൈക്കിള്‍ രായപ്പന്‍ പറഞ്ഞതിനെ കുറിച്ച് താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും ആദിക് പറയുന്നുണ്ട്.